modi-gold-appeal
  • ഇന്ത്യയിലെ ഡിമാൻഡ് കുറഞ്ഞതുകൊണ്ട് മാത്രം ആഗോള വില ഇടിയുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുന്നതോടെ ഡോളറും ബോണ്ട് യീൽഡും ശക്തിപ്പെട്ട് നിക്ഷേപകർ സ്വർണം കൈവിടുന്നതുമാണ് യഥാർഥ കാരണം.

അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നായിരുന്നു മേയ് പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചത്. ആറു മാസത്തിനു ശേഷം സ്വർണ വിലയിൽ വലിയ ഇടിവും സംഭവിച്ചു. മോദിയുടെ വാക്കു കേട്ടിരുന്നെങ്കിൽ എന്ന് പലരും പറഞ്ഞു. തന്റെ അഭ്യർഥന ജനങ്ങൾ അനുസരിച്ചതു കൊണ്ടാണ് സ്വർണവില കുറയാൻ കാരണമായതെന്ന് മോദിയും അവകാശപ്പെട്ടു. ശരിക്കും സ്വർണ വില കുറയാൻ മോദി കാരണമായോ? 

മേയ് പത്തിന് മോദി പ്രഖ്യാപനം നടത്തുമ്പോൾ പശ്ചിമേഷ്യൻ സംഘർഷം തീവ്രതയിലായിരുന്നു. ക്രൂഡ് ഓയിൽ വില വർധിച്ചത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ സമ്മർദത്തിലാക്കി. ഇതോടെയാണ് മോദി സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. എണ്ണ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ വിദേശനാണ്യം ഉപയോ​ഗിക്കുന്നത് സ്വർണം ഇറക്കുമതി ചെയ്യാനാണ്. ഈ സാഹചര്യത്തിൽ ഡോളര്‍ ചെലവാക്കുന്നത് കുറച്ച് രൂപയെ പിടിച്ചുനിർത്തുകയായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷം സ്വർണ വില കുറഞ്ഞിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. മേയ് ഒൻപതിന് ഗ്രാമിന് 15,250 രൂപയായിരുന്നു 24 കാരറ്റിന്റെ വില. നവംബർ 21 ന് 12523 രൂപയിലേക്ക് കുറഞ്ഞെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ രാജ്യാന്തര വില പരിശോധിക്കുമ്പോൾ 2026 ജനുവരി മുതൽ സ്വർണ വില കുറയാൻ തുടങ്ങിയിട്ടുണ്ട്. അതായത് മോദിയുടെ അഭ്യർഥന വരുന്നതിന് മുൻപ് തന്നെ. 

2026 ജനുവരിയിലാണ് രാജ്യാന്തര വില ഔൺസിന് 5594.82 ഡോളറിലേക്ക് എത്തിയത്. എന്നാൽ നവംബറിലിത് 3500 ഡോളറിലേക്ക് താഴ്ന്നു. 35 ശതമാനത്തിന്റെ വലിയ ഇടിവാണ് ഇക്കാലയളവിൽ സ്വർണ വിലയിലുണ്ടായത്. എന്നാൽ ജനുവരി മുതൽ മേയ് വരെയുള്ള കാലയളവ് ഒഴിവാക്കി മേയ് മാസത്തിനു ശേഷമുള്ള വിലകുറവ് മാത്രമാണ് മോദി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. 

അതേസമയം ഇക്കാലയളവിൽ രാജ്യത്ത് സ്വർണ ഇറക്കുമതി വലിയ തോതിൽ കുറഞ്ഞിരുന്നു. ഈ വർഷം ഏപ്രിൽ- ഒക്ടോബർ മാസങ്ങളിൽ 40 ശതമാനത്തിന്റെ ഇടിവാണ് ഇറക്കുമതിയിലുണ്ടായത്. ഏഴു മാസത്തിനിടെ 2470 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ വാങ്ങി. തൊട്ടു മുൻപത്തെ വർഷമിത് 4124 കോടി ഡോളറായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കമുതി തീരുവ കൂട്ടിയതാണ് ഇതിനു കാരണം. ഈ വർഷം മേയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ആറു ശതമാനത്തിൽ നിന്നും 15 ശതമാനമായി വർധിപ്പിച്ചിരുന്നു. ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതിലൂടെ സ്വർണ വില ഉയരുകയും സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. 

വില കുറയാന്‍ പിന്നെ എന്താണ് കാരണം

ഇന്ത്യ സ്വര്‍ണ ഉപഭോഗ രാജ്യമാണെങ്കിലും ഇന്ത്യയിലെ ഡിമാന്‍ഡ് കുറയുന്നതു കൊണ്ടു മാത്രം രാജ്യാന്ത്ര വില ഇത്ര വലിയ ഇടിവ് സംഭവിക്കില്ല. യുഎസിലെ പണപ്പെരുപ്പവും അവിടുത്തെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്  പലിശ നിരക്ക് കൂട്ടാന്‍ പോകുന്നു എന്ന വിലയിരുത്തലുമാണ് സ്വര്‍ണ വില താഴേക്ക് എത്തിക്കുന്നത്. യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം. യുഎസിൽ പണപ്പെരുപ്പം ഇതിനു മുകളിലാണ്. ഇതുനിയന്ത്രിക്കാൻ പലിശ നിരക്ക് ഉയർത്താനൊരുങ്ങുകയാണ് യുഎസ് ഫെഡറൽ റിസർവ്. യുഎസിൽ പലിശനിരക്ക് കൂടുമ്പോൾ ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും ശക്തിപ്പെടും. ഇത് സ്വർണത്തിന് നിക്ഷേപം, ആഭരണം എന്നീ നിലകളിൽ ഡിമാൻഡ് ഇടിയാൻ വഴിവയ്ക്കും.

 

പലിശ കൂടുന്നത് സ്വർണത്തിന് അനുകൂലമായ കാര്യമല്ല. സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വില കൂടിയാൽ മാത്രമേ നേട്ടം കിട്ടൂ. അതേസമയം ബോണ്ട്, ഡോളർ നിക്ഷേപങ്ങളിൽ പണമിട്ടാൽ ലാഭവിഹിതം, പലിശ തുടങ്ങിയ നേട്ടങ്ങളും കിട്ടും. ഇതോടെ സ്വർണത്തെ നിക്ഷേപകർ കൈവിടുന്നതാണ് ഇപ്പോഴത്തെ വിലയിടിവിനു പ്രധാനകാരണം.

 

ENGLISH SUMMARY:

Prime Minister Narendra Modi recently claimed that his May 10 appeal urging citizens to avoid buying gold for a year led to a sharp drop in domestic gold prices over the following six months. While 24-carat gold in India did fall from ₹15,250 per gram on May 9 to ₹12,523 on November 21—and gold imports dropped 40 percent between April and October largely due to the Centre hiking import duty from 6 percent to 15 percent—international gold prices had already been declining since January 2026, sliding 35 percent from $5,594.82 to $3,500 per ounce. Market realities show that reduced Indian demand alone cannot trigger such a steep global crash, especially since Modi’s May appeal was primarily aimed at conserving foreign exchange reserves amid rising crude oil prices during the West Asia conflict. Instead, the primary driver behind the global gold slump is expectations of US Federal Reserve interest rate hikes to tame inflation, which strengthens the dollar and Treasury bond yields and prompts investors to pull money out of gold.