ബിഹാറിൽ, ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പാലത്തില്‍ പ്രതിഷേധവും അക്രമവുമായി ആര്‍ജെഡി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെയും നിതീഷ് കുമാറിന്റെയും ബാനറുകൾ പ്രവർത്തകർ വലിച്ചുകീറി. ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി മുദ്രാവാക്യങ്ങളും മുഴക്കി. വൈശാലിയിൽ ഇന്നലെയാണ് നിതീഷ് സേതു ഉദ്ഘാടനം ചെയ്തത്. വികസന പദ്ധതികളെ സ്വാഗതം ചെയ്യുന്നതിന് പകരം ആര്‍ജെഡി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
4,280 കോടി രൂപ ചെലവിൽ നിർമ്മിച്ച കേബിൾ സ്റ്റേ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവും പാലം സ്ഥിതി ചെയ്യുന്ന മണ്ഡലമായ രാഘോപൂരിലെ എംഎല്‍എയുമായ തേജസ്വി യാദവിനെ ക്ഷണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആര്‍ജെഡിയുടെ പ്രതിഷേധം.
തേജസ്വി യാദവിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ആർ.ജെ.ഡി ആരോപിക്കുന്നു. കൂടാതെ, പാലത്തിന്റെ നിർമ്മാണത്തിന് മുൻകൈ എടുത്തത് തേജസ്വി യാദവും ആർ.ജെ.ഡിയുമാണെന്നും അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് പാലത്തിന് 'നിതീഷ് സേതു' എന്ന് പേരിട്ടതെന്നും ആര്‍ജെഡി പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ വിഡിയോകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പാലത്തിന്റെ പേരിടലുമായി ബന്ധപ്പെട്ട് ബിഹാറിൽ നേരത്തെ തന്നെ ഭരണ- പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഒരു പൊതുമുതലിന് ജീവിച്ചിരിക്കുന്ന ഒരാളുടെ പേര് നൽകുന്നതിലൂടെ നിതീഷ് കുമാറിന്റെ ‘രാഷ്ട്രീയകാലം അവസാനിച്ചു’ എന്ന സൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എന്നാല്‍ നിതീഷ് കുമാറിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട പൊതുസേവനത്തിനോടുള്ള ആദര സൂചകമായാണ് പാലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വ്യക്തമാക്കി.