കണ്ണൂര്‍ അമ്പലക്കണ്ടിയില്‍ നിന്ന് ആറളം ഫാമിലേക്കുള്ള പാലം നിര്‍മാണം വര്‍ഷങ്ങളായി അനിശ്ചിതത്വത്തില്‍. 2018 മുതല്‍ പാലത്തിന് തൂണുകള്‍ മാത്രമേയൂള്ളൂ. മലവെള്ളപ്പാച്ചിലില്‍ അപകടാവസ്ഥയിലായ തൂണുകള്‍ക്ക് മേല്‍ താല്‍കാലിക സംവിധാനമൊരുക്കിയാണ് നാട്ടുകാരുടെ അക്കരെക്കടത്ത്.
2018 ല്‍ നിര്‍മിച്ച തൂണുകള്‍ ഇന്നും അതേപടി. എട്ടുവര്‍ഷത്തോളമായിട്ടും ജില്ലാ പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കുന്ന മട്ടില്ല. 45 ലക്ഷം രൂപ ചിലവിട്ടായിരുന്നു നിര്‍മാണം അന്നു തുടങ്ങിയത്. തൂണിന്‍റെ പ്രവര്‍ത്തികഴിഞ്ഞതോടെ മഹാപ്രളയമെത്തി. മലവെള്ളപ്പാച്ചിലില്‍ തൂണുകള്‍ ചരിഞ്ഞു. പിന്നെ പാലം നിര്‍മാണവും നിലച്ചു. ചരിഞ്ഞ തൂണിന് മുകളില്‍ മരംകൊണ്ടുള്ള താത്കാലിക നടപ്പാലമാണ് ആറളം ഫാമിലെത്തേണ്ടവര്‍ ആശ്രയിക്കുന്നത്. അതും ജീവന്‍കൈയ്യില്‍ പിടിച്ച്.
2018 ന് മുമ്പുണ്ടായിരുന്ന തൂക്കുപാലം പൊളിച്ചാണ് കോണ്‍ക്രീറ്റ് പാലത്തിന് പണി തുടങ്ങിയിരുന്നത്. ഇപ്പോള്‍ കടിച്ചതും പിടിച്ചതുമില്ലെന്ന സ്ഥിതി..പാലം യാഥാര്‍ഥ്യമായാല്‍ ആറളം, ചെടിക്കുളം, അമ്പലക്കണ്ടി, വീര്‍പ്പാട്, മേഖലയില്‍ നിന്ന് പേരാവൂര്‍, കൊട്ടിയൂര്‍, മാനന്തവാടി എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. പ്രളയത്തില്‍ കേടുപാടുവന്ന തൂണുകള്‍ക്ക് മുകളില്‍ പാലം നിര്‍മിക്കാനാവില്ലെന്നും ഉയരം കൂടിയ പുതിയ പാലമാണ് ഏകവഴിയെന്നുമാണ് ജില്ലാ പഞ്ചായത്തിന്‍റെ മറുപടി. ഇതിന് കോടികള്‍ ചിലവഴിക്കാന്‍ ഫണ്ടില്ലെന്നാണ് അധികൃതരുടെ ന്യായം.