karnataka-tankers-illegally-dumping-septic-waste-manjeshwaram-kerala-border

കർണാടകയിൽ നിന്ന് ടാങ്കർ ലോറികളിൽ എത്തിക്കുന്ന ശുചിമുറി  മാലിന്യം കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ അനധികൃതമായി തള്ളുന്നു. മഞ്ചേശ്വരം ബഡാജെ ചൗക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതോടെ പ്രദേശമാകെ രൂക്ഷമായ ദുർഗന്ധമാണ്. ജനജീവിതം ദുരിതത്തിലായിട്ടും കുറ്റവാളികളെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധവും  ശക്തമാണ് 

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന ബഡാജെ ചൗക്കിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ശുചിമുറി മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കിയത്. മാലിന്യം റോഡരികിലൂടെ ഒഴുകിയതോടെ പ്രദേശമാകെ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസവും സഞ്ചരിക്കുന്ന വഴിയാണിത്. 

മലിനജലം കൊതുകുകൾ പെരുകാനും പകർച്ചവ്യാധികൾ പടരാനും ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സമീപത്തെ കിണറുകളും ജലസ്രോതസ്സുകളും മലിനമാകുമോയെന്ന ഭീതിയുമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപത്തെ പൊസോട്ട് പാലത്തിന് അടുത്തും സമാനമായ രീതിയിൽ ശുചിമുറി മാലിന്യം തള്ളിയിരുന്നു.

അതിർത്തിയിലെ വിജനമായ റോഡുകളിൽ സിസിടിവി ക്യാമറകളില്ലാത്തത് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശം സന്ദർശിച്ച മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അധികൃതർ ഉടൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കാൻ ഇടപെടുമെന്നും അറിയിച്ചു.

ENGLISH SUMMARY:

Septic waste transported in tanker lorries from Karnataka is being illegally dumped in Kerala's border areas, triggering severe public outrage in Manjeshwaram. In the latest incident at Badaje Chowki in Ward 10 of Manjeshwaram Grama Panchayat, sewage discharged along the roadside overnight has caused an unbearable stench and disrupted daily life for hundreds of commuters, including students.