heart-attack

TOPICS COVERED

ഇപ്പോള്‍ അങ്ങിനെ പ്രത്യേകിച്ച് പ്രായമൊന്നുമില്ലല്ലോ ഹൃദയാഘാതം വരാന്‍.  ജീവിതചര്യകൊണ്ടും  ഭക്ഷണരീതികൊണ്ടും ചെറുപ്പക്കാര്‍ പോലും ഹൃദ്രോഗികളായി മാറുന്ന അവസ്ഥ. രംഗബോധമില്ലാതെ മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍  കടന്നവരുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കര്‍ണാടക കുനിഗലില്‍ നിന്നാണ് ഈ വിഡിയോ.  പുറത്തുവരുന്നത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൊവ്വാഴ്ച പകല്‍ എട്ടരയോടെയാണ് സംഭവം. റോഡ്സൈഡിലൂടെ നടന്നുപോകുകയായിരുന്ന യുവാവിന് ക്ഷീണം തോന്നുകയും   വഴിയരികിലെ കെട്ടിടത്തിലേക്ക് കയറുന്ന പടിയില്‍ ഇരിക്കുകയുമായിരുന്നു. പടിയിലെ പൊടിതട്ടി സാധാരണ പോലെ യുവാവ് ഇരിക്കുന്നത് കണ്ടാല്‍ അപ്രതീക്ഷിതമായതൊന്നും പ്രതീക്ഷിക്കില്ല.  തുടര്‍ന്ന് അയാള്‍  തന്‍റെ തലയില്‍ കൈവയ്ക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കാണാം. 

പിന്നീട്  തല തന്‍റെ മുട്ടിനോട് ചേര്‍ത്ത് കിടന്നു. അല്‍പം കഴിഞ്ഞ് എഴുനേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എണീക്കും മുന്‍പ്   പടിയിലേക്ക് പതുക്കെ വീഴുകയും പിന്നീട് കിടക്കുകയുമായിരുന്നു. കുറച്ച് സമയത്തിന് ശേഷം ചേതനയറ്റ ശരീരം പടിക്കെട്ടില്‍ നിന്നും വഴുതി താഴേക്ക് വീഴുന്നതും കാണാം. 

 ഏറെക്കഴിഞ്ഞാണ് പ്രദേശത്തുള്ളവര്‍ യുവാവ് മരിച്ചെന്ന്  മനസിലാക്കിയത്. പ്രദേശത്തെത്തിയ പൊലീസ് ശരീരം ആശുപത്രിയിലേക്കും തുടര്‍ന്ന് മോര്‍ച്ചറിയിലേക്കും മാറ്റി. പ്രാഥമികമായി ഹൃദയാഘാതത്തെയാണ് മരണകാരണമായി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിട്ടുണ്ട്.  ഇതുവരെ യുവാവിന്‍റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

ഹൃദ്രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ കുറച്ച് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കണം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയും വേണം. പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുന്നതിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് നിയന്ത്രണത്തിലാക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുകയും ചെയ്യണം. നെഞ്ചുവേദന, ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.

ENGLISH SUMMARY:

Heart attack in youth is becoming increasingly common due to poor lifestyle choices and unhealthy dietary habits, as seen in a recent viral video from Karnataka. Preventing such sudden tragedies requires maintaining a balanced diet, regular exercise, and routine health checkups.