അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്ക് തടയാന്‍ ശ്രമിച്ച് ഇടപെട്ട 16 വയസ്സുകാരനെ അച്ഛന് ഇരുമ്പുദണ്ഡുകൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുമകുരു ജില്ലയിലെ ചൗഡനായകനപാള്യ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൗഡനായകനപാള്യ സ്വദേശിയായ നഞ്ചെ ഗൗഡ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയുമായി പതിവായി വഴക്കിടാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പതിവുപോലെ ഭാര്യയുമായി വഴക്കുണ്ടായപ്പോഴാണ് മകന് സുനില്‍ തടയാന്‍ ശ്രമിച്ചത്. ഇതില്‍ പ്രകോപിതനായ ഗൗഡ ഭാര്യയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും മകനെ വീടിനുള്ളില്‍ പൂട്ടിയിടുകയും ചെയ്്തു. തുടര്‍ന്ന് 16കാരനെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗൗഡയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ വീടിനു മുന്നിൽ തടിച്ചുകൂടുകയും പോലീസ് കൊണ്ടുപോകുന്നതിനിടെ പ്രതിയെ മർദ്ദിക്കുകയും ചെയ്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു.