ottapalam-palappuram-railway-station-demolished

TOPICS COVERED

പാലക്കാട് ഒറ്റപ്പാലം പാലപ്പുറം റെയിൽവേ സ്റ്റേഷൻ ചരിത്രത്തിലേക്ക് മറഞ്ഞു. സ്റ്റേഷൻ പുനഃസ്ഥാപിക്കാനുള്ള അവസാന സാധ്യതയും അടച്ച് റെയിൽവേ പ്ലാറ്റ്‌ഫോം പൊളിച്ചുനീക്കി. ടിക്കറ്റ് വിൽപനയ്ക്ക് ഏജന്റുമാരെ കിട്ടാത്തതിനെ തുടർന്ന് പ്രവർത്തനം നിർത്തി ഒന്നര വർഷം പിന്നിടുമ്പോഴാണ് പ്ലാറ്റ്‌ഫോം പൊളിച്ചുനീക്കിയത്. തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ചെറിയൊരു ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇനി ഇവിടെ അവശേഷിക്കുന്നത്.

റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ 2024 ഡിസംബർ വരെ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു. പുതിയ ഏജന്റിനെ കിട്ടാതായതോടെ 2025 ജനുവരി ഒന്നിന് സ്റ്റേഷന് താഴുവീണു. പാലപ്പുറത്തെ നാട്ടുകാർക്കും, സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിൽ എത്തുന്നവർക്കും, ഭാരതപ്പുഴയോരത്തെ കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിലെ വസ്ത്രവ്യാപാരികൾക്കും ഏറെ പ്രയോജനകരമായിരുന്നു ഈ റെയിൽവേ സ്റ്റേഷൻ.

ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈൻ വഴിയായതും ഏജന്റുമാർക്ക് വരുമാനം കുറഞ്ഞതുമാണ് സ്റ്റേഷൻ നടത്തിപ്പിന് ആളെ കിട്ടാതിരിക്കാൻ കാരണം. ഇതേ കാലയളവിൽ പൂട്ടിയിരുന്ന കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട്, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ എന്നീ ഹാൾട്ട് സ്‌റ്റേഷനുകൾ ജനപ്രതിനിധികളുടെ ഇടപെടലിലൂടെ പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടിരുന്നു.

ENGLISH SUMMARY:

Ottapalam Palappuram railway station has been demolished, marking a historical loss for the region. The dismantling of the railway platform signifies the final closure of the station, which ceased operations over a year ago due to a lack of ticket agents.