ബസ് ജീവനക്കാരനെ മർദിച്ച സംഭവം; പ്രതികളെ പിടിക്കൂടിയില്ല; പ്രതിഷേധം

കോഴിക്കോട്, വടകര – തലശേരി റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വടകരയില്‍ പ്രതിഷേധ പ്രകടനവും നടത്തി.

ഈ മാസം എട്ടിനാണ് വടകര – തലശേരി റൂട്ടിലോടുന്ന വിതാര ബസിലെ കണ്ടക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സര്‍വീസ് നടത്തുന്നതിനിടെ ഒരു കൂട്ടമാളുകളെത്തി ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറുമായുണ്ടായ തര്‍ക്കത്തിന് ശേഷമുള്ള മടക്കയാത്രയിലായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പ്രതികളെ പിടിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പ്രതികളെ കുറിച്ചുള്ള സൂചനയുണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. കഴിഞ്ഞദിവസം മറ്റൊരു ബസിന് നേരെയും ആക്രമണമുണ്ടായതായി ഇവര്‍ പറയുന്നു. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പണിമുടക്ക് താലൂക്ക് തലത്തിലേയ്ക്ക് വ്യാപിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.