പശുവിതരണ പദ്ധതിയില്‍ അഴിമതി ആരോപണം; ഡയറി ഫാം ഇന്‍സ്പെക്ടര്‍ക്കെതിരെ കർഷകർ

കാസര്‍കോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പശു വിതരണ പദ്ധതിയില്‍ അഴിമതി നടത്തിയെന്ന് ആരോപണമുള്ള ഡയറി ഫാം ഇന്‍സ്പെക്ടര്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍.  ഉദ്യോഗസ്ഥനെതിരെ പഞ്ചായത്ത് ഭരണസമിതി വിജിലന്‍സില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കര്‍ഷകരും പ്രതിഷേധത്തിനു ഒരുങ്ങുന്നത്.  ക്ഷീരവികസന യൂണിറ്റ് ഓഫീസിലേക്ക് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയും പ്രതിഷേധ   മാര്‍ച്ച് നടത്തി. 

മൂളിയാര്‍, കാറഡുക്ക പഞ്ചായത്തിലെ വനിതകള്‍ക്കായി അമ്പത് ശതമാനം സബ്സിഡിയില്‍ പശുക്കളെ ലഭ്യമാക്കുന്ന പദ്ധതിയുടെ ചുമതലയുള്ള ഡയറി ഫാം ഇന്‍സ്പെക്ടര്‍  അഴിമതി നടത്തിയെന്നാണ് ആരോപണം. ബ്ലോക്ക് പ‍ഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയില്‍ ആറു ലക്ഷം രൂപ തന്റെ പരിചയക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉദ്യോഗസ്ഥന്‍ മാറ്റിയതായി പഞ്ചായത്ത് ഭരണസമിതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലയാണ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയത്. എന്നാല്‍ ഉദ്യോഗസ്ഥന്‍  സ്ഥാനത്തു നിന്ന് മാറി  അന്വേഷണത്തെ നേരിടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ്  തീരുമാനം. 

ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മേല്‍നോട്ടം വഹിച്ച പദ്ധതികളെല്ലാം പുന:പരിശോധിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അതേസമയം ഉദ്യോഗസ്ഥന്‍ രാജി വെച്ച് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ ക്ഷീരവികസന യൂണിറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.