റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ; പുനർനിർമിക്കണമെന്ന് നാട്ടുകാർ

കണ്ണൂർ – മട്ടന്നൂർ പാതയിൽ വിമാനത്താവളത്തിനു സമീപം കൊതേരിയിൽ റോഡ് വീണ്ടും ഇടിഞ്ഞ് അപകടാവസ്ഥയിൽ. കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞു തുടങ്ങിയ റോഡ് അറ്റകുറ്റപ്പണി നടത്തുന്നത് വൈകിയതോടെ കൂടുതൽ മണ്ണിടിഞ്ഞു. ഇപ്പോള്‍ ഏതുനിമിഷവും വാഹനങ്ങൾ അപകടത്തിൽപ്പെടാവുന്ന സ്ഥിതിയിലാണ്. 

കണ്ണൂരില്‍ നിന്ന് ഇരിട്ടി, വിരാജ്‌പേട്ട, മടിക്കേരി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കെല്ലാമുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർകൂടി ഉപയോഗിക്കുന്ന റോഡാണ് നാഗവളവിനു സമീപം കൊതേരിയില്‍ അപകടകരമായ രീതിയിൽ ഇടിഞ്ഞത്. റോഡിന്‍റെ പകുതിയോളം ഭാഗം ഇടിഞ്ഞു കഴിഞ്ഞു. ഇടിഞ്ഞ ഭാഗത്ത് വലിയ താഴ്ചയായതിനാല്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. റോഡിന് വളവുകൂടി ഉള്ളതിനാല്‍ അപകടാവസ്ഥ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാനും സാധ്യത കുറവാണ്. വലിയ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ എത്തുന്നതിനാൽ അരിക് ഇടിഞ്ഞ് വലിയ താഴ്ചയിലേക്കു പതിക്കാൻ സാധ്യതയുണ്ട്. പല വാഹനങ്ങളും തലനാരിഴയക്കാണ് രക്ഷപെടുന്നത്. സംസ്ഥാനാന്തര പാതയായതിനാൽ രാത്രിയിലും ഗതാഗതത്തിരക്ക് ഏറെയുള്ള ഇവിടെ, കൃത്യമായ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് റോഡില്‍ വേലി കെട്ടിയത്. 

തകര്‍ന്ന ഭാഗം ഉടന്‍ പുനർനിർമിക്കണമെന്നു പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നു. മട്ടന്നൂര്‍ നഗരസഭയിലേക്കും മറ്റു ഏഴു പഞ്ചായത്തുകളിലേക്കുമുള്ള കൊളച്ചേരി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പോകുന്നത് ഈ ഭാഗത്തുകൂടിയാണ്. ഇനിയും റോഡ് ഇടിഞ്ഞാല്‍ കുടിവെള്ളവും മുട്ടും.