കരയിടിച്ചല്‍ രൂക്ഷം; പറശ്ശിനി പുഴയോര സംരക്ഷണം; രണ്ടു ഘട്ടം കഴിഞ്ഞു

കരയിടിച്ചല്‍ രൂക്ഷമായ കണ്ണൂര്‍ പറശ്ശിനി പുഴയോരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തെങ്ങിന്‍ തടികളും കയര്‍ ഭൂവസ്ത്രവും ഉപയോഗിച്ചാണ് കരയിടിച്ചല്‍ തടയുന്നത്.

തളിപ്പറമ്പ് മുന്‍ എംഎല്‍എ ജയിംസ് മാത്യു തുടക്കമിട്ട പദ്ധതിക്കായി ആസ്തി വികസന ഫണ്ടില്‍ നിന്നും അമ്പത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. പറശ്ശിനി പുഴയുടെ രണ്ടു ഭാഗങ്ങളിലും കരയിടിച്ചല്‍ രൂക്ഷമാണ്. പുഴയോരത്തുള്ള നിരവധി തെങ്ങുകളാണ് കടപുഴകിയത്. കരിങ്കല്‍ ഭിത്തികള്‍ പ്രായോഗികമല്ലാതായതോടെയാണ് പുതിയ രീതിയില്‍ പുഴയോര സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. തെങ്ങിന്‍ തടികള്‍ പുഴയിലേക്ക് ഇറക്കി മണ്ണ് നിറക്കും. മുകളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കുകയാണ് ചെയ്യുക. കോറളായി, കോള്‍ത്തുരുത്തി, രാമന്‍ തുരുത്ത് ഭാഗങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി. ആറളം ഫാം, കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്ന് തെങ്ങുകളും ആലപ്പുഴയില്‍ നിന്ന് കയര്‍ ഭൂവസ്ത്രവും എത്തിച്ചു.