തലോറയിൽ ഈച്ചശല്യം രൂക്ഷം; കാട വളർത്തൽ കേന്ദ്രത്തിനെതിരെ നാട്ടുകാർ

കണ്ണൂർ തളിപ്പറമ്പ് തലോറയിലെ വീടുകളിൽ ഈച്ച ശല്യം കാരണം ജനങ്ങൾ ദുരിതത്തിൽ. സമീപത്തെ കാട വളർത്തു കേന്ദ്രത്തിൽ  മാലിന്യം കൃത്യമായി സംസ്കരിക്കാത്തതാണ്  ഈച്ചശല്യത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. 

തലോറയിലെ പല വീടുകളിലും ഇതാണ് അവസ്ഥ. എവിടെ നോക്കിയാലും ഈച്ച മാത്രം. മുറികളിൽ അടുക്കളയിൽ, പാത്രങ്ങളിൽ, കഴിക്കുന്ന ഭക്ഷണത്തിൽ പോലും ഈച്ച. വീട്ടുകാർ നല്ല രീതിയിൽ ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ദിവസങ്ങളായി. പലർക്കും അസുഖങ്ങൾ വരാൻ തുടങ്ങി.

സമീപത്ത് ഒരു മാസം മുമ്പ് ആരംഭിച്ച  കാട വളർത്താൻ കേന്ദ്രത്തിലെ മാലിന്യമാണ് ഈച്ച ശല്യത്തിന് കാരണമെന്നാണ് ആരോപണം. ഈച്ച ശല്യം കൂടി വന്നതോടെ പഞ്ചായത്തിൽ വിവരമറിയിച്ചു. ലൈസൻസ് ഇല്ലാതെയാണ് കാട വളർത്തൽ എന്ന് അധികൃതർ വ്യക്തമാക്കി. ലൈസൻസ് എടുത്ത് ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തിയില്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

രണ്ടുദിവസത്തിനുള്ളിൽ കൃത്യമായ രീതിയിൽ മാലിന്യ സംസ്കരിക്കുമെന്ന്  ഉടമ അറിയിച്ചു. ദിവസം കഴിയുംതോറും ഈച്ചശല്യം കൂടി വരുന്നതിന് വയോധികരും കുട്ടികളും അടക്കമുള്ള കുടുംബങ്ങൾക്ക് ശാശ്വത  പരിഹരമാണ് ആവശ്യം.