ഒഴിവുണ്ടായിട്ടും നിയമനമില്ല; എൽപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ജേതാക്കൾ പ്രക്ഷോഭത്തിന്

ഒഴിവുകളുണ്ടായിട്ടും നിയമനം നടത്താത്തതിനാൽ എൽപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ജേതാക്കൾ പ്രക്ഷോഭത്തിലേക്ക്. കണ്ണൂർ ജില്ലയിലാണ് നിയമനം കുറവെന്നും നിലവിലെ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടന്നില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ്  വഴിയില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.

2018 ഡിസംബറിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിലുള്ളവരാണ് ജോലിക്കായി സമരത്തിലേക്ക് നീങ്ങുന്നത്. ഒഴിവുകൾ ഉണ്ടായിട്ടും കണ്ണൂർ ഡി.ഡി ഓഫിസ് പി എസ് സിക്ക് റിപ്പോർട് ചെയ്യുന്നില്ലെന്നാണ് ആരോപണം. റാങ്ക് പട്ടികയിൽ വനിതകളാണ് കൂടുതലും. പ്രായപരിധിയുള്ളതിനാൽ പല റാങ്ക് ജേതാക്കൾക്കും ഇനി പരീക്ഷയെഴുതാൻ സാധിക്കില്ല. ഈ പട്ടികയിൽ നിന്ന് നിയമനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മാത്രമാണ് ഇവരുടെ ജീവിതം.

സ്കൂളുകൾ തിരിച്ചുള്ള ഒഴിവുകൾ സഹിതം ഉദ്യോഗാർഥികൾ ഡി ഡി ഓഫിസിൽ നിവേദനം കൊടുത്തിട്ടുണ്ട്. അനുകൂല നടപടിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് റാങ്ക് ജേതാക്കൾ.