കോവിഡിൽ തളർന്നില്ല; പരിശീലനം ഉഷാറാക്കി രാജാസ് ഫുട്ബോള്‍ അക്കാദമി

കോവിഡ് കാലം തളര്‍ത്താത്ത പോരാട്ടവീര്യത്തിലാണ് കടത്തനാട് രാജാസ് ഫുട്ബോള്‍ അക്കാദമി. പരിശീലനം പുനരാരംഭിച്ചതോടെ മുമ്പത്തേതിനേക്കാള്‍ ആവേശത്തിലാണ് കുട്ടികള്‍ കളത്തിലിറങ്ങുന്നത്. കോവിഡ് കാലത്ത് ഈ പരിശീലനമെല്ലാം വീട്ടിലായിരുന്നു. നിര്‍ദേശങ്ങളെല്ലാം വാട്സാപ്പില്‍. മികച്ച പരിശീലനം നടത്തിയവര്‍ക്കാകകട്ടെ സമ്മാനവും നല്‍കി. ഒടുവില്‍ നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കുട്ടികളെല്ലാം പഴയ തട്ടകത്തിലെത്തി. പരിശീലനം ഒന്നുകൂടി ഉഷാറാക്കി. ഐലീഗ് താരം അബ്ദുല്ലയെ പോലെ നിരവധി പ്രമുഖരെ സംഭാവന ചെയ്ത അക്കാദമിയാണ് കടത്തനാട് രാജാസ്. 

നൂറിലധികം പേരാണ് നിലവില്‍ ഇവിടെ പരിശീലനം നടത്തുന്നത്. ഫുട്ബോളില്‍ പയറ്റിതെളിഞ്ഞ ഇവിടുത്തെ പെണ്‍കുട്ടികള്‍ സംസ്ഥാന ടീമില്‍ വരെ കയറിപ്പറ്റി. വൈകുന്നേരം മാത്രമുള്ള പരിശീലനം ഇനി രാവിലെയും നടത്താനുള്ള ആലോചനയിലാണ് അധികൃതര്‍.