മാലിന്യം നീക്കം ചെയ്യാൻ കഴിയുന്നില്ല; ദുർഗന്ധം നിറഞ്ഞ് പയ്യാമ്പലം ബീച്ച്

കനത്ത മഴയെ തുടര്‍ന്ന് ഒഴുകിയെത്തിയ ചപ്പുചവറുകളും തടികളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് കണ്ണൂര്‍ പയ്യാമ്പലം കടപ്പുറം. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇവ നീക്കം ചെയ്യാന്‍ സാധിക്കുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കടലിലേക്ക് ഒഴുകിയെത്തിയ ചെറുതും വലുതുമായ മരങ്ങളും ചപ്പു ചവറുകളും തീരത്ത് അടിഞ്ഞു. പയ്യാമ്പലം ബീച്ചിലെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കുന്നത്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ ദുര്‍ഗന്ധവുമുണ്ട്. പ്രദേശത്ത് തെരുവു നായ ശല്യവും രൂക്ഷമാണ്. തീരത്തടിഞ്ഞ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

ഡിടിപിസി യുടെ തൊഴിലാളികളാണ് തീര ശുചീകരണം നടത്താറുള്ളത്. ഏറെ മാലിന്യമുള്ളതിനാല്‍ കൂടുതല്‍ തൊഴിലാളികളെ പങ്കെടുപ്പിച്ച് മാത്രമേ ശുചീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.