കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിസന്ധിയിൽ കർഷകർ

കോഴിക്കോട് ബാലുശേരി തലയാട് മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷം. പതിവായെത്തുന്ന പന്നിക്കൂട്ടം ഏക്കറുകണക്കിന് കൃഷിയാണ് നശിപ്പിക്കുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ കൃഷി പ്രോത്സാഹിച്ചപ്പോള്‍ തലയാടുള്ളവര്‍ ഒരിഞ്ചുപോലും സ്ഥലം ബാക്കി വയ്ക്കാതെ കൃഷിയിറക്കി. കാട്ടുപന്നികളുടെ ആക്രമണം തടയാന്‍ വേലിയും കെട്ടി. എന്നാല്‍ ഇതെല്ലാം തകര്‍ത്താണ് കാട്ടുപന്നിക്കൂട്ടം രാത്രിയിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. കപ്പയും ചേമ്പും ഇഞ്ചിയുമെല്ലാം കുത്തിയും തിന്നും ഇല്ലാതാക്കി. 

സാമ്പത്തിക സഹായം ലഭിക്കാതെ വീണ്ടും കൃഷിയിറക്കാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വനംവകുപ്പില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.