ആർക്കും എടുക്കാവുന്ന ജൈവ പച്ചക്കറി തോട്ടം; ഇത് കടമ്പൂരിലെ മാതൃക

ആർക്കും എടുക്കാവുന്ന ജൈവ പച്ചക്കറി കൃഷിയുമായി ഒറ്റപ്പാലം കടമ്പൂരിലെ ഒരു കർഷക കൂട്ടായ്മ. കോവിഡ് 19 ലോക്ക്ഡൗൺ കാലത്താണ് ജനങ്ങൾക്കായി ജൈവ പച്ചക്കറി എന്ന ആശയം സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളി ഇടവകയിലെ  കർഷകരായ സുഹൃത്തുക്കൾക്ക് ഉണ്ടായത്. ഈ കൂട്ടായ്മയിൽ പള്ളി വികാരി ഫാ.ഡെബിൻ ജോസഫ് കൂടി ചേർന്നതോടെ പൊതു ജനങ്ങൾക്കായി പച്ചക്കറി എന്ന ആശയത്തിന് വേഗം കൂടി. 

ജൈവ കൃഷി തുടങ്ങാൻ യോജിച്ച സ്ഥലം നിർദേശിച്ചതും ഫാ.ഡെബിൻ തന്നെ. ഒറ്റപ്പാലം-മണ്ണാർക്കാട്  പ്രധാന പാതയോടു ചേർന്ന് വശത്തായി തന്നെ പച്ചക്കറി തോട്ടത്തിനു അനുമതിയും കൊടുത്തു. പിന്നീടെല്ലാം  വളരെ വേഗത്തിൽ ആയിരുന്നു. വിത്ത് നട്ടതും, പരിപാലനവും എല്ലാം പൗലോസ്, ടോമി, ജോസ്, ജോർജ് കുട്ടി, അപ്പച്ചൻ എന്നീ കർഷകരുടെ മേൽനോട്ടത്തിൽ. 

ഏപ്രിൽ 30ന് ആരംഭിച്ച ജൈവ പച്ചക്കറി കൃഷി തോട്ടം മൂന്ന് മാസങ്ങൾക്കിപ്പുറം വിളവെടുത്തതിന്റെ സംതൃപ്തിയിലാണ് കർഷകരും , പള്ളി വികാരിയും ഒപ്പം നാട്ടുകാരും. ആർക്കു വേണമെങ്കിലും തോട്ടത്തിൽ നിന്നും പച്ചക്കറി എടുക്കാം. ഒറ്റ നിബന്ധനെ ഉള്ളു ഈ കർഷകർക്ക്. " തോട്ടം നശിപ്പിക്കരുത് " . ഉള്ളതെല്ലാം ചിലവായാൽ വീണ്ടും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് ഈ കർഷക സുഹൃത്തുക്കൾ.