സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ വരയാക്കി ലിന്‍ജുഷ ; ശ്രദ്ധേയമായി ചിത്രപ്രദര്‍ശനം

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഓര്‍മപ്പെടുത്തി ലിന്‍ജുഷ ബാലുശ്ശേരിയുടെ ചിത്രപ്രദര്‍ശനം. ഓരോ തലമുറയിലും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളാണ് പ്രധാനമായും വരയിലുള്ളത്. ചരിത്രവും പുതുമയും ഒരുപോലെ ചിത്രങ്ങളില്‍ പ്രമേയമായിട്ടുണ്ട്.  

പുരാണവും സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയാണ് വാട്ടര്‍ ചുവര്‍ചിത്ര പ്രദര്‍ശനം. രാജപ്രൗഡിയുടെ കാലം തുടങ്ങി അതിജീവനത്തിന് കേഴുന്ന വീട്ടമ്മയുടേതുള്‍പ്പെടെ ചിത്രങ്ങളുണ്ട്. സമൂഹത്തില്‍ സ്ത്രീകളനുഭവിക്കുന്ന വേദനകള്‍ മറികടക്കാന്‍ ഒരേമനസോടെയുള്ള ഇടപെടല്‍ വേണം. ചിത്രങ്ങളില്‍ പലതും ജീവനുറ്റ അനുഭവം സമ്മാനിക്കുന്നവയാണ്. ചിത്രകാരി തന്നെ കഥാപാത്രങ്ങളായി മാറുന്ന വരകളും പ്രദര്‍ശനത്തിലുണ്ട്. മലബാറിന്റെ മുഖമുദ്രയായ ആയോധനകലയുടെ മെയ്്്വഴക്കവും പ്രമേയമാണ്.  

ഏഴ് വര്‍ഷത്തിലധികമായി ചിത്രരചന മേഖലയിലുള്ള ലിന്‍ജുഷയുടെ ആദ്യ സ്വതന്ത്ര പ്രദര്‍ശനമാണിത്. മുപ്പത്തി അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പുരോഗമിക്കുന്ന പ്രദര്‍ശനം എട്ടിന് സമാപിക്കും.