വയനാട്ടിൽ പ്രചാരമേറി മത്സ്യകൃഷി; പിന്തുണയുമായി ഫിഷറീസ് വകുപ്പ്

സ്വാഭാവിക ജലാശയങ്ങള്‍ കുറവുള്ള വയനാട് ജില്ലയില്‍ മല്‍സ്യക്കൃഷിക്ക് പ്രചാരമേറുന്നു. ഫീഷറീസ് വകുപ്പിന്റെ സഹായത്തോടെ ഒട്ടേറെ കര്‍ഷകരും കൂട്ടായ്മകളുമാണ് ഈ രംഗത്തേക്ക് അടുത്തകാലത്തായി കടന്നുവരുന്നത്.

കടലും കായലുകളുമൊന്നുമില്ലാത്ത ജില്ലയാണ് വയനാട് . അതുകൊണ്ട് തന്നെ പെടയ്ക്കുന്ന മീന്‍ നാട്ടുകാര്‍ക്ക് അധികം കിട്ടാറുമില്ല. ആ കാലം പോയി. നാട്ടുമ്പുറത്ത് മല്‍സ്യക്കൃഷിയും വേരുറപ്പിക്കുകയാണ്. ബത്തേരി ഒന്നാം മൈലില്‍ ഒരു അയല്‍ക്കൂട്ടം നടത്തുന്ന കൃഷിയാണിത്. നാട്ടുകാര്‍ക്ക് വിഷരഹിത മല്‍സ്യം ലഭ്യമാക്കണമെന്ന ആശയം ഒരു വര്‍ഷം മുമ്പാണ് ഉദിച്ചത്. എഴുപത് സെന്റില്‍ നാലു കുളം. എണ്ണായിരം കുഞ്ഞുങ്ങളെ ആദ്യ ഘട്ടത്തില്‍ നിക്ഷേപിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിപണനത്തിന്റെ ഉദ്ഘാടനം.ആദ്യ ദിനം 350 കിലോ വിറ്റുപോയി.

നിരവധി പേരാണ് ഇത്തരത്തില്‍ മല്‍സ്യക്കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പിന്തുണയുമായി ഫീഷറീസ് വകുപ്പും 2016 മുതലാണ് ഈ മേഖലയില്‍ നൂതനകൃഷിരീതികള്‍ നടപ്പിലാക്കിത്തുടങ്ങിയത്. സബ്സിഡിയും മല്‍സ്യക്കുഞ്ഞുങ്ങളെയും വകുപ്പ് ലഭ്യമാക്കുന്നുണ്ട്. പൊതു ജലാശയങ്ങളില്‍  മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയും സജീവമാണ്