സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍

ജനത്തെ വലച്ച് കോഴിക്കോട് –കണ്ണൂര്‍, കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസ് സമരം.  ബസ് ജീവനക്കാരനെ പൊലിസ് അകാരണമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ റൂട്ടിലെ സമരം. അതേ സമയം ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച ബൈക്ക് യാത്രക്കാരനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുറ്റ്യാടി റൂട്ടില്‍ പണിമുടക്കുന്നത്. ജീവനക്കാര്‍ക്ക് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍  സമരം തുടരാനാണ്  തീരുമാനം

ബസ് സമരത്തെ കുറിച്ച് അറിയാതെ എത്തിയ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ ഇന്നലെ വൈകുന്നേരം മുതലാണ് സമരം തുടങ്ങിയത്. സമയക്രമവുമായി ബന്ധപ്പെട്ട് വടകര ബസ് സ്റ്റാന്‍ഡില്‍ വച്ച് പൊലിസും ജീവനക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. 

ഇതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാര്‍ അറസ്റ്റിലാവുകയും  കോടതി ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.. അകാരണമായാണ് പൊലിസ് നടപടിയെന്നാണ് ജീവനക്കാരുടെ ആരോപണം. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കുറ്റ്യാടി റൂട്ടിലോടുന്ന ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവരെ ബൈക്ക് യാത്രക്കാരന്‍ മര്‍ദിച്ചത്. ഇയാളെ അറസ്റ്റുചെയ്യണമെന്നാണ് ആവശ്യം. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നതാണ് യാത്രക്കാര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം‌ ആയത്