ഗതാഗത നിരോധനം പിൻവലിച്ചിട്ടും കെഎസ്ആർടിസി സർവീസില്ല; യാത്രക്കാർ ദുരിതത്തിൽ

മലപ്പുറം നാടുകാണി ചുരം പാതയിൽ ഗതാഗത നിരോധനം പിൻവലിച്ചിട്ടും കെഎസ്ആർടിസി സർവീസ് തുടങ്ങാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരിന്റെ ബസുകള്‍ സര്‍വീസ് നടത്തുമ്പോഴും കെഎസ്ആര്‍ടിസി അനാസ്ഥ തുടരുകയാണ്. 

55 ദിവസത്തിനു ശേഷമാണ് ചുരംപാത ഗതാഗതത്തിന് തുറന്നുകൊടുത്തത്. അന്നുന്നെ കർണാടക ട്രാൻസ്പോർട് ബസ് സർവീസ് തുടങ്ങി. തൊട്ടടുത്ത ദിവസം മുതല്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട് ബസും ഓടിത്തുടങ്ങി. മൂന്നാം ദിവസമാണ് പാതയിലൂടെ ബസ് ഓടിക്കാന്‍ പറ്റുമോയെന്നറിയാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ട്രയല്‍റണ്‍ നടത്തിയത്. ബസ് ഓടിക്കാമെന്ന് ബോധ്യപ്പെട്ടതോടെ സര്‍വീസ് അടുത്തദിവസംതന്നെ തുടങ്ങുമെന്നറിയിച്ചാണ് അധികൃതര്‍ മടങ്ങിയത്. 

എന്നാൽ സോണൽ ഉദ്യോഗസ്ഥനുമായി കൂടിയാലോചിക്കാതെ തീരുമാനമെടുത്തെന്ന കാരണത്താല്‍ അധികൃതര്‍ തമ്മിലുണ്ടായ വടംവലിയിൽ സർവീസ് നടത്തിയില്ല. ചുരംപാതയില്‍ മുപ്പത് സര്‍വീസുകള്‍ നടത്തിയിരുന്ന കെഎസ്ആര്‍ടിസി ഇന്ന് വെറും ഒരു സര്‍വീസാണ് നടത്തുന്നത്. 

സര്‍വീസുകളെല്ലാം ലാഭകരമായിട്ടും, റോഡ് യാത്രയോഗ്യമാക്കിയിട്ടും ബസ് ഓടിക്കാന്‍ അധികൃതര്‍ അനാസ്ഥ പുലര്‍ത്തുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കേരളത്തിൽ നിന്നും തമിഴ്നാട്, കർണാടക എന്നീ സംസ്ഥനങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.