കൂടരഞ്ഞി വില്ലേജിലെ ക്വാറികൾ പൂട്ടണം; വില്ലേജ് ഓഫിസർ വീണ്ടും റിപ്പോർട്ട് നൽകി

കോഴിക്കോട് കൂടരഞ്ഞി വില്ലേജിലെ ക്വാറികൾ പൂട്ടണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് വില്ലേജ് ഓഫിസർ വീണ്ടും റിപ്പോർട്ട് നൽകി. കഴിഞ്ഞവർഷം റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.

പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പാറമടകൾ പൂട്ടണമെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്. അഞ്ച് പാറമടകളാണ് വില്ലേജിൽ പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടെണ്ണത്തിന് കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് അനുമതി നൽകിയത്. പ്രകൃതിക്കും മനുഷ്യനും പാറമടകൾ ഭീഷണിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതി ആഘാതവും കുടിവെള്ള പ്രശ്നവും പഠിക്കണമെന്ന് നിർദേശമുണ്ട്. പശ്ചിമഘട്ട മലനിരകളിലാണ് പാറമടകളുടെ പ്രവർത്തനം. പ്രദേശത്ത് ഉരുൾപൊട്ടുമെന്ന ഭീഷണിയിലാണ് നാട്ടുകാർ. പാറപ്പൊടി ഒഴുകിയെത്തി ജലാശയങ്ങൾ മലിന്യമാകുന്നതും പതിവാണ്. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് വിശദമായി പഠിച്ച് നടപടിയെടുക്കാനാണ് കലക്ടറുടെ തീരുമാനം.