ഷിയാസിന് കൈത്താങ്ങായി സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍: ഉൗഷ്മളം

പ്രളയത്തില്‍ വീട്ടുപകരണങ്ങളെല്ലാം നഷ്ടമായ സുഹൃത്തിനും അയല്‍പക്കക്കാര്‍ക്കും സഹായവുമായി സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. മലപ്പുറം വളാഞ്ചേരി വി.കെ. എം സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളാണ് നാടിനൊപ്പം കൈത്താങ്ങായി അണിചേര്‍ന്നത്. 

സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന നിലമ്പൂര്‍ മുതീരി സ്വദേശി ഷിയാസിന്റെ വീട്ടില്‍ വെളളം കയറി എല്ലാം നഷ്ടമായെന്ന് അറിഞ്ഞാണ് വിദ്യാര്‍ഥികള്‍ നിലമ്പൂര്‍ക്ക് തിരിച്ചത്. പഴയ കൂട്ടുകാരന് ആകെയുളള വിനോദമായ ടി.വിയും വെളളം കയറി കേടായത് അധ്യാപകരേയും വിദ്യാര്‍ഥികളേയും വിഷമത്തിലാക്കിയിരുന്നു. ടി.വി. അടക്കമുളള വീട്ടുപകരണങ്ങള്‍ കുട്ടികള്‍ വാങ്ങി നല്‍കി. ഒപ്പം നിലമ്പൂരിന്റെ പുനര്‍നിര്‍മാണത്തിനായി പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ വീട്ടിലെത്തി ഒരു ലക്ഷം രൂപയും കൈമാറി.

ഷിയാസിനേയും ഒപ്പം പ്രളയത്തില്‍ എല്ലാം നഷ്ടമായ മറ്റു കുടുംബങ്ങളേയും വിദ്യാര്‍ഥികള്‍ നേരില്‍ കണ്ടു. പ്രിയ സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്.