തരിപ്പമലയിൽ വിളളൽ; ആശങ്ക; ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് വടകര നരിപ്പറ്റ തരിപ്പമലയില്‍ വിളളല്‍ കണ്ടതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍. മലയിലെ ഉരുളന്‍ കല്ലുകള്‍ തെന്നിമാറിയ നിലയിലാണ് . അടിയന്തര സാഹചര്യമെന്നോളം 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍  ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി

കഴിഞ്ഞ ദിവസമാണ് ഭൂമിയിലെ വിള്ളല്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.വിള്ളലിനെ തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍ തെന്നിമാറിയിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയ അവസഥയിലാണ്. മലയുടെ താഴ്ഭാഗത്ത് നാല്‍പതിലേറെ കുടുംബങ്ങള്‍ ഉണ്ട്. ഇവരില്‍ 12 കുടുംബങ്ങളോടാണ് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടത്

 റവന്യൂ –പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.അതേസമയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സമാനരീതിയില്‍ വിള്ളലും സോയില്‍ പൈപ്പിങ് പ്രതിഭാസവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താലൂക്കടിസ്ഥാനത്തില്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്