പ്രളയത്തില്‍ തകര്‍ന്ന് കൊല്ലങ്കോട് നിലംപതിപാലം; നാട്ടുകാര്‍ പ്രതിസന്ധിയില്‍

ആദ്യ പ്രളയത്തെ നേരിട്ടെങ്കിലും രണ്ടാം പ്രളയത്തില്‍ പാലത്തിന്റെ നടുവൊടിഞ്ഞു. പാലക്കാട് കൊല്ലങ്കോട്ടെ ആലമ്പളളം നിലംപതിപാലമാണ് സംരക്ഷണം തേടുന്നത്.  ഒട്ടേറെ സ്കൂള്‍ കുട്ടികള്‍ക്ക് ആശ്രയവും കൊല്ലങ്കോട്ടുകാരുടെ ബൈപ്പാസുമാണ് നിലംപതിപാലം. 

കൊല്ലങ്കോട് വടവന്നൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗായത്രിപുഴയിലെ ആലമ്പളളത്തെ നിലംപതിപാലം അല്ലെങ്കില്‍ ചപ്പാത്താണ് കഴിഞ്ഞ ദിവസത്തെ പ്രളയത്തില്‍ തകര്‍ന്നത്. കോണ്‍ക്രീറ്റ് ഇളകി കല്ലുകള്‍ ഒലിച്ചുപോയി. കാല്‍നടയാത്ര പോലും സാധിക്കില്ല. സ്കൂള്‍ കുട്ടികളുടെ പ്രധാനപാതയാണ്. കൊല്ലങ്കോട് ജംക്്ഷനില്‍ തിരക്കുളളപ്പോള്‍ യാത്രക്കാരുടെ ബൈപ്പാസ്. രണ്ട് ആശുപത്രികളിലേക്ക് എളുപ്പത്താനുളള വഴി.

  ചപ്പാത്തിന്റെ തകര്‍ച്ചയോടെ ഉൗട്ടറ, വിപിതറ, വരട്ടയാര്‍ തുടങ്ങിയ ഭാഗങ്ങളിലുളളവര്‍ക്ക് കൊല്ലങ്കോട് പയ്യലൂര്‍ മൊക്ക് ഭാഗത്തേക്ക് എത്താന്‍ നാലു കിലോമീറ്റര്‍ ചുറ്റിത്തിരിയണം. 

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിന് ശേഷം അറ്റകുറ്റപ്പണിക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് ഏഴേകാല്‍ ലക്ഷം അനുവദിച്ചെന്നാണ് വിവരം. അറ്റകുറ്റപ്പണിെയാന്നും ആരും കണ്ടില്ല. 1956ല്‍ 49000 രൂപയ്ക്ക് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച നിലംപതിപാലത്തിന്റെ ഉടമസ്ഥരിപ്പോള്‍ പൊതുമരാമത്ത് വിഭാഗമാണ്.