മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി സമ്മാനിച്ചു; വ്യാജൻമാർ കുടുങ്ങും

മറയൂര്‍ ശര്‍ക്കരക്ക് ലഭിച്ച ഭൗമസൂചിക പദവിയുടെ പത്രം  കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ കര്‍ഷകര്‍ക്ക് കൈമാറി.  മറയൂര്‍ ശര്‍ക്കരയുടെ  ലോഗോ പ്രകാശനവും വെബ് സൈറ്റ് പ്രകാശനവും നടത്തി. വ്യാജ ശർക്കരയുടെ വരവിനു കടിഞ്ഞാൺ ഇടുമെന്നു മന്ത്രി പറഞ്ഞു.

മറയൂര്‍ ശര്‍ക്കരയുടെ ഗുണമേന്മ കണക്കിലെടുത്ത് മേഖലയിലെ കരിമ്പ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും,  വിപണി മെച്ചപെടുത്താനുമാണ്   കേരള കാര്‍ഷിക സര്‍വ്വകലാശാലയും  കൃഷിവകുപ്പും  ചേർന്ന് മറയൂർ ശർക്കരക്കു ഭൗമസൂചിക പദവി നിർദേശിച്ചത്.  ഭൂപ്രകൃതിയുടെയും  കൃഷി രീതിയുടെയും  പ്രത്യേകത കൊണ്ട് ഉത്പന്നങ്ങള്‍ക്കുണ്ടാകുന്ന  ഗുണനിലവാരം പരിഗണിച്ച് കേന്ദ്ര സർക്കാർ നല്‍കുന്ന ഭൗമസൂചിക പദവിയാണ് മറയൂര്‍ ശര്‍ക്കരക്ക് ലഭിച്ചത്. 

 ഇത്തരത്തിലുള്ള  ഉത്പന്നങ്ങൾ ലോക വ്യാപാര സംഘടനയുടെ അംഗീകാരത്തിലും ഉള്‍പ്പെടും. സംഘങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും മാത്രമാണ് ഇത്തരത്തില്‍ രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളു.   ലോക വ്യാപാര സംഘടനയുടെ കരാര്‍ അനുസരിച്ച് ഇന്ത്യയില്‍ മുന്നൂറ് ഉത്പന്നങ്ങള്‍ക്കാണ് ഭൗമ സൂചിക  അനുവദിച്ചിട്ടുള്ളത്.

മറയൂർ ശർക്കര എന്ന പേരിൽ വ്യാജ ശർക്കര വിപണിയിൽ എത്തിക്കുന്നവർക്കെതിരെ ഇനി കർശന നടപടിയുണ്ടാകും. തമിഴ്‌നാട്ടിലും മറ്റും ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കരകളില്‍ നിറം വരുത്തുന്നതിനായി ഒട്ടേറെ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്.  എന്നാല്‍ മറയൂരില്‍ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കരയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പെടുത്താത്തതിനാല്‍ ഇരുണ്ട നിറത്തിലാണ് ലഭ്യമാവുക. ഈ ശര്‍ക്കര കാഴ്ചക്ക് ഭംഗിയില്ലെങ്കിലും ഗുണമേന്മയില്‍ മികച്ചതാണ്.