ഇവിടിരിക്കുന്നവരിൽ പലർക്കും താന്‍ കടക്കാരനെന്നു മന്ത്രി‍, ചിരിച്ച് സദസ്സ്

തൃശൂർ : ഇവിടിരിക്കുന്നവരിൽ പലർക്കും താൻ പണം നൽകാനുണ്ടാവാമെന്നു മന്ത്രി; കടം ചിരിച്ചുകൊണ്ട് എഴുതിത്തള്ളി സദസ്സ്.  കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ കുറ്റസമ്മതവും സദസ്സിന്റെ ചിരിച്ചു തള്ളലും. രാഷ്ട്രീയക്കാർക്ക് ഏറെ കടപ്പാടും കടവുമുള്ളത് അച്ചടി വ്യവസായ മേഖലയിലുള്ളവരോടാണെന്നും താൻ തന്നെ പലർക്കും കാശു കൊടുക്കാനുണ്ടാവാമെന്നുമാണു മന്ത്രി പറഞ്ഞത്. 

താൻ പണം കൊടുക്കാനുള്ളവർ ഇവിടെ തന്നെ ഇരിക്കുന്നുണ്ടാവും. രാഷ്ട്രീയക്കാരിൽ നിന്നു കാശു കിട്ടാൻ പാടാണ്. അതു നന്നായി അനുഭവിച്ചവരാവും മൈക്കുകാരും പ്രസുകാരുമെന്ന് മന്ത്രി പറഞ്ഞു. കാലഘട്ടത്തിനനുസൃതമായ മാറ്റം ഉൾക്കൊള്ളാതെ ഒരു വ്യവസായ മേഖലയ്ക്കും മുന്നോട്ടുപോകാനാവില്ല. സാങ്കേതിക രംഗത്തു വരുന്ന മാറ്റം നോക്കിയിരിക്കുന്നവരാണു രാഷ്ട്രീയക്കാർ. കാരണം, നല്ല പടം അച്ചടിച്ചു വരണമല്ലോയന്നും മന്ത്രി പറഞ്ഞു. 

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എ.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.  ടി.എൻ.പ്രതാപൻ എംപി, രാജീവ് ഉപ്പത്ത്, രവി പുഷ്പഗിരി എന്നിവർ പ്രസംഗിച്ചു.  ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് ചെയർമാൻ കമാൽ ചോപ്ര, വൈസ് പ്രസിഡന്റ് സി.രവീന്ദർ റെഡ്ഡി എന്നിവരെ ആദരിച്ചു. സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.