കുതിരാന്‍ ദേശീയപാതയിലെ കുഴികള്‍ 48 മണിക്കൂറിനുള്ളില്‍ അടയ്ക്കാന്‍ അന്ത്യശാസനം

തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ കുഴികള്‍ നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ അടയ്ക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി.എസ്.സുനില്‍കുമാറിന്‍റെ അന്ത്യശാസനം. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ തുരങ്കപാത താല്‍ക്കാലികമായി തുറക്കില്ല. മണ്ണിടിച്ചില്‍ പ്രശ്നം പരിഹരിച്ച ശേഷം മാത്രമേ തുരങ്കപ്പാത തുറക്കൂ.

തൃശൂര്‍..പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ റോഡു നിറയെ കുഴികളാണ്. പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന കുരുക്കും. കുതിരാന്‍ കുരുക്ക് മറികടക്കാന്‍ ചുരുങ്ങിയത് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വേണം. ഓണാവധി കൂടി വരുന്നോതോടെ ദേശീയപാതയില്‍ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകും. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഏറെ പ്രയാസമാകും. പണി കഴിഞ്ഞ തുരങ്കപ്പാതയില്‍ ഒന്ന് താല്‍ക്കാലികമായി തുറക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇക്കാര്യം, വിശദമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചര്‍ച്ച ചെയ്തു. പക്ഷേ, സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തി തുരങ്കപ്പാത തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചു. കുരുക്ക് പരിഹരിക്കാന്‍ റോഡിലെ കുഴികളടയ്ക്കും. ദേശീയപാത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നാല്‍പത്തിയെട്ടു മണിക്കൂറാണ് കുഴിയടയ്ക്കാന്‍ നല്‍കിയ സാവകാശം. ഇല്ലെങ്കില്‍, കേസെടുക്കാന്‍ പൊലീസിന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി.

കുതിരാന്‍ ദേശീയപാതയിലെ കുഴികള്‍ ഏഴു ദിവസത്തിനടയ്ക്കാമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിപ്പോള്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, ഉദ്യോഗസ്ഥര്‍ വാക്കുപാലിച്ചില്ല. കുതാരാനിലെ യാത്രാപ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന വാഗ്ദാനങ്ങള്‍ കേട്ട് യാത്രക്കാര്‍ മടുത്തു. ഓരോ കുതിരാന്‍ യാത്രയും യാത്രക്കാര്‍ക്ക് ദുരിതമാണ് നല്‍കുന്നത്.