കാളപൂട്ടുകാരന് മീശ പിരിച്ച് കൊടുത്ത് മന്ത്രി പാടത്ത്; ആവേശമായി നാട്ടുത്സവം

തൃശൂർ പെരിങ്ങോട്ടുകരയിൽ നാട്ടുൽസവത്തിന് തുടക്കം കുറിച്ച് കാളപ്പൂട്ട് മൽസരം. ഋഷഭ യാഗമെന്ന് പേരിട്ട നാട്ടുൽസവം കാർഷിക മേള കൂടിയാണ്. കാർഷിക മേഖലയുടെ പഴമ നിലനിർത്താനാണ് ഈ മൽസരം. പാലക്കാട്ട് നിന്നെത്തിച്ച നൂറിലേറെ കാളകൾ മൽസരത്തിൽ അണിനിരന്നു.

പഴയ തലമുറക്കാരനായ കാളപ്പൂട്ട്കാരന്    മീശപ്പിരിച്ച് കൊടുത്ത്  മന്ത്രി സുനിൽ കുമാർ പാടത്തിറങ്ങി.  കാളപ്പൂട്ട് മത്സരങ്ങളിൽ പാലക്കാടൻ കാളകൾക്കൊപ്പം അന്തിക്കാട് -താന്ന്യം പഞ്ചായത്ത്, ആവണേങ്ങാട്ട് കളരി എന്നിവിടങ്ങളിലെ കാളകളും മത്സരിച്ചോടി. പെരിങ്ങോട്ടുകര തോന്നിയകാവ് ക്ഷേത്രത്തിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിലാണ് നാട്ടുൽസവം സംഘടിപ്പിച്ചത്. മന്ത്രി വി.എസ്.സുനിൽകുമാർ ഋഷഭ യാഗത്തിന് തിരി തെളിയിച്ചു. 

മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചിരുന്നു. മുപ്പതോളം കുതിരകളും, ഒട്ടകവും നാട്ടുൽസവത്തിന്റെ പ്രദർശനത്തിനെത്തിച്ചിരുന്നു.  കാർഷിക മേളയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നായ, ആട്, പോത്ത്, കാള, പൂച്ച എന്നിവയെയും കാണികൾക്കായി ഒരുക്കിയിരുന്നു.