പദ്ധതികൾ നടപ്പായില്ല; കാഴ്ചകളകന്ന് പെരുവണ്ണാമൂഴി വിനോദസഞ്ചാരകേന്ദ്രം

കാഴ്ചകളകന്ന് കോഴിക്കോട് പെരുവണ്ണാമൂഴി വിനോദസഞ്ചാര കേന്ദ്രം. ആവര്‍ത്തിച്ച് പ്രഖ്യാപിച്ച നവീകരണ പദ്ധതികളൊന്നും നടപ്പായില്ല. പരിമിതമായ സൗകര്യങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനും അധികൃതര്‍ പരാജയപ്പെട്ടു. 

കുട്ടികളുടെ പാര്‍ക്ക് ഇഴജന്തുക്കള്‍ക്കുള്ളതായി. സമീപത്തെ ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രത്തിന് ഏത് സമയവും താഴുവീഴാം. ലഘുഭക്ഷണശാല പൂട്ടിയിട്ട് മാസങ്ങളായി. സഞ്ചാരവഴികളെല്ലാം കാടുമൂടി. പ്രളയത്തില്‍ തകര്‍ന്ന ടിക്കറ്റ് കൗണ്ടര്‍ ഇപ്പോഴും പുനര്‍നിര്‍മിക്കാനായില്ല. പൂന്തോട്ട പദ്ധതി പ്രദേശത്ത് ഒരാള്‍പൊക്കത്തില്‍ പുല്ല് വളര്‍ന്നു. വാഹനം നിര്‍ത്തിയിടാനുള്ള സൗകര്യവും പരിമിതമാണ്. പണം നല്‍കിയാലും ഡാമിലേക്കെത്തുന്നവര്‍ക്ക് ഭാഗികമായാണ് പ്രവേശനം. കാണാനെന്തുണ്ടെന്ന് ചോദിച്ചാല്‍ ഒരുപാടുണ്ടെന്ന് മറുവാദം. ഡാമിലെ നീരൊഴുക്ക് നിയന്ത്രിക്കുന്ന കനാലിന്റെ അവസ്ഥ കണ്ടാലറിയാം ഏത് തരത്തിലാണ് പെരുവണ്ണാമൂഴിയെ സംരക്ഷിക്കുന്നതെന്ന്. 

നവീകരണ പദ്ധതി നടപ്പാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുത്താലും തലപ്പത്ത് തടയുന്ന അവസ്ഥയുണ്ട്. ഒരിക്കല്‍ വരുന്നവര്‍ക്ക് വീണ്ടുമെത്താന്‍ തോന്നാത്തവിധം പെരുവണ്ണാമൂഴി ടൂറിസം പദ്ധതി തളരുമ്പോള്‍ മലയോര മേഖലയ്ക്കാണ് നഷ്ടം. വകുപ്പുകളുടെ ഏകോപനമില്ലായ്മയും വികസനത്തിന് തുരങ്കം വയ്ക്കുന്നുവെന്നാണ് വിമര്‍ശനം.