മിഠായിത്തെരുവിലെ വാഹനനിയന്ത്രണം പിന്‍വലിക്കണം; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്  മിഠായിത്തെരുവിലെ വാഹനനിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വീണ്ടും പ്രക്ഷോഭത്തിലേയ്ക്ക്. നാളെ ഉച്ചക്ക് ശേഷം സൂചന പണിമുടക്കായി കടയടച്ചിടാനാണ് തീരുമാനം. എന്നാല്‍ കടയടച്ചുള്ള സമരത്തെച്ചൊല്ലി വ്യാപാരികള്‍ രണ്ടു തട്ടിലാണ്. എന്തു സംഭവിച്ചാലും വാഹന നിയന്ത്രണം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ നിലപാട്. 

രണ്ടു വര്‍ഷം മുമ്പാണ് മിഠായിത്തെരുവിനെ ഈ രൂപത്തിലാക്കുന്നത്. അതായത് 2017 ഡിസംബറിലാണ്  വാഹനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അന്നുമുതല്‍ തുടങ്ങിയ സമരപരമ്പര പല ഘട്ടങ്ങള്‍ കടന്നെങ്കിലും ജില്ലാഭരണകൂടം വഴങ്ങിയില്ല. വാഹന നിയന്ത്രണം പിന്‍വലിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വ്യാപാരികള്‍ വീണ്ടുമൊരു സമ്മര്‍ദ്ദതന്ത്രവുമായി എത്തുന്നത്. 

വാഹന നിയന്ത്രണം പിന്‍വലിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ലെങ്കിലും കടയടച്ചിട്ടുള്ള സമരത്തിനെതിരാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ വാഹന നിയന്ത്രണം പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജില്ലാ ഭരണകൂടം. പ്രശ്നപരിഹാരത്തിന് മറ്റെന്തെങ്കിലും ഫോര്‍മുല മുന്നോട്ട് വയ്ക്കാനുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്.