രക്ഷാകര്‍തൃ ബോധവല്‍ക്കരണ പാഠശാലയ്ക്ക് തുടക്കം; അയ്യായിരത്തോളം പേർ പങ്കെടുക്കും

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളില്‍ രക്ഷാകര്‍തൃ ബോധവല്‍ക്കരണ പാഠശാലയ്ക്ക് തുടക്കമായി. ഗ്രാമീണമേഖലയുടെ വിദ്യാഭ്യാസ സാംസ്കാരികരംഗത്തെ വളര്‍ച്ചയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

വിദ്യാര്‍ഥികളെ മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിന്റെ ഭാഗമായാണ് രക്ഷിതാക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സ്കൂളിലൊരുക്കിയത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പതിനേഴ് പൊതുവിദ്യാലയങ്ങളിലും രണ്ടാഴ്ചകകൊണ്ട് പരിശീലനം പൂര്‍ത്തിയാകും. താലോലം പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗായകന്‍ വി.ടി.മുരളി നിര്‍വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാവായ പി.കെ.നവാസ് ആദ്യഘട്ടത്തിലെ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 

പ്രാദേശിക കൂട്ടായ്മയായ റീസെറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെയും പി.ടി.എകളുടെയും സഹായത്തോടെ അയ്യായിരത്തോളം രക്ഷിതാക്കളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.