പുതുവര്‍ഷത്തെ ഖല്‍ബിലേറ്റി മലബാറും; ആവേശം വാനോളം

പുതുവര്‍ഷത്തെ ഖല്‍ബിലേറ്റി മലബാറും. കുടുംബങ്ങളടക്കം നൂറുകണക്കിന് ആളുകളാണ് 2019നെ വരവേല്‍ക്കാന്‍ കോഴിക്കോട് ബീച്ചിലെത്തിയത്. 2018 പോലെ വലിയ പ്രശ്നങ്ങളില്ലാത്ത പുതുവര്‍ഷമാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. 2019നെ വരവേല്‍ക്കുകയാണ് മലബാറിന്‍റെ യുവത്വം. കോഴിക്കോടിന് പുറമേ മലപ്പുറത്ത് നിന്നും കണ്ണൂരില്‍ നിന്നും വയനാട്ടില്‍ നിന്നും ആഘോഷത്തിനായി യുവാക്കള്‍ കടപ്പുറത്തെത്തി. കുടുംബങ്ങളേറെ ഉണ്ടായിരുന്നു ഇത്തവണ. 

പ്രളയം മാത്രമല്ല നിപ്പയും ഉരുള്‍പൊട്ടലുമെല്ലാം ആയി പ്രതിസന്ധികള്‍ നിറഞ്ഞ ഒരു വര്‍ഷം കൂടിയായിരുന്നു ഇവിടുത്തുകാര്‍ക്ക് 2018. ഇതെല്ലാം മറന്ന് 2019 മാറ്റത്തിന്‍റെ തുടക്കമാകുമെന്നാണ്  പ്രതീക്ഷ. ആഘോഷം അതിരുവിടാതിരിക്കാന്‍ പൊലിസും ഏറെ ശ്രദ്ധിച്ചു. നാനൂറിലധികം ഉദ്യോഗസ്ഥരെ അധികം വിന്യസിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളൊഴിവാക്കാനായി. ബീച്ചിനു പുറമേ മാനാഞ്ചിറയിലും മിഠായിത്തെരുവിലും നഗരത്തിന് പുറത്ത് കാപ്പാട് കടപ്പുറത്തും ആഘോഷം പൊടിപൊടിച്ചു.