വിസ്മയിപ്പിച്ച് ബുർജ് ഖലീഫ; ആകാശത്ത് നാദവർണപ്രപഞ്ചം; അമ്പരപ്പ്

പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ്  ഗൾഫ് നാടുകൾ. പതിവുപോലെ ദുബായ് ബുർജ് ഖലീഫയിലായിരുന്നു പ്രധാന ആഘോഷങ്ങൾ. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഗൾഫ് നാടുകളിൽ ഒരുക്കിയിരുന്നത്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. കൃത്യം പന്ത്രണ്ടു മണിക്ക് പുതു വത്സരത്തെ വരവേറ്റു ദീപാലംകൃതമായി. ബുർജ്ഖലീഫയിലെ ആകർഷണീയമായ കരിമരുന്ന് പ്രയോഗം കാണാൻ ഇരുപതുലക്ഷത്തോളം പേരാണെത്തിയത്. ലേസർ ഷോയ്ക്കൊപ്പം ആകാശത്ത് നാദവർണപ്രപഞ്ചം തീർത്ത കരിമരുന്നു പ്രയോഗം കാണികൾക്ക് ആവേശമായി. 

ദുബായ് ബുർജ് അൽ അറബ്, പാം ജുമൈറ, ഫെസ്റ്റിവൽ സിറ്റി, ഗ്ളോബൽ വില്ലേജ്, യാസ് ഐലൻഡ് എന്നിവിടങ്ങളിലും പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ പതിനാറ് അലങ്കാര നൌകകളിൽ നിന്നായിരുന്നു  കരിമരുന്നു പ്രയോഗം. 

ദുബായിലെ ആഘോഷസ്ഥലങ്ങളിലായി  4000 സുരക്ഷാ ഉദ്യോഗസ്ഥരേയും 2000 പെട്രോൾ സംഘങ്ങളേയും വിന്യസിപ്പിച്ചിരുന്നു. റസ്റ്റോറൻറുകളും ഹോട്ടലുകളും പുതുവർഷാഘോഷ പാക്കേജുകളുമായി വിപണിയിൽ സജീവമാണ്. പുതുവത്സരത്തോടനുബന്ധിച്ചു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചിരുന്നു.