പുതുവൽസര ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജന തിരക്ക്; സുരക്ഷ ശക്തമാക്കി

പുതുവത്സര ദിനത്തിൽ അയ്യനെ തൊഴാൻ പുലർച്ചെ മുതൽ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഉച്ചവരെ അര ലക്ഷത്തോളം പേർ ദർശനം നടത്തി. തിരക്ക് കൂടിയതോടെ പൊലീസ് സുരക്ഷയും കൂടുതൽ ശക്തമാക്കി. 

ശരണ മന്ത്രങ്ങളുമായി ആയിരങ്ങൾ അയ്യനെ തൊഴുതു. മകരവിളക്കിനായി നട തുറന്നതിന് ശേഷം ആദ്യമായി പുലർച്ചെ മുതൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് അനുഭവപെട്ടു. ഉച്ചയോടെ തിരക്കിന് നേരിയ കുറവുണ്ടായെങ്കിലും ദീപാരാധന സമയമാകുമ്പോഴേക്കും തിരക്ക് വീണ്ടും കൂടാനാണ് സാധ്യത.ഇന്നലെ ദർശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു.

വി.ഐ.പികളെയും സ്പെഷൽ പാസുമായി വരുന്നവരേയും കടത്തിവിടുന്ന വഴിയിൽ വാവരുസ്വാമി നടയ്ക്ക് സമീപത്തായി സ്ഥാപിച്ച പുതിയ സ്കാനർ ഐ.ജി ബൽറാം കുമാർ ഉപാധ്യായ ഉദ്ഘാടനം ചെയ്തു.