പ്രളയബാക്കി; ഏതു നിമിഷവും തകര്‍ന്നേക്കാവുന്ന നിലയിൽ വീടുകൾ

മലപ്പുറം പാണ്ടിക്കാട് വെട്ടിക്കാട്ടിരി ലക്ഷംവീടു കോളനിയില്‍  ഏതു നിമിഷവും തകര്‍ന്നേക്കാവുന്ന നിലയിലാണ് 15 വീടുകള്‍. മുപ്പതു വര്‍ഷത്തിലേറെ പഴക്കമുളള വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സഹായം ലഭിച്ചില്ല. ലക്ഷംവീടു കോളനിയിലെ പത്ത് പട്ടികജാതി വീടുകളും അഞ്ച് ജനറല്‍ വിഭാഗത്തിലുളള വീടുകളുമാണ് തകര്‍ച്ചാഭീഷണിയിലുളളത്. പ്രളയംകൂടി കഴിഞ്ഞതോടെ മിക്ക വീടുകളുടേയും തറയും ചുവരും വിണ്ടുകീറിയ നിലയിലാണ്. മേല്‍ക്കൂര തകര്‍ന്ന വീടുകള്‍ക്ക് മീതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയതും കാണാം.

കാലപ്പഴക്കം ചെന്ന ഈ വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ നിര്‍മിക്കണമെന്നാണ് പ്രായോഗിക നിര്‍ദേശം. പ്രളയത്തിന് ശേഷം കോളനിക്കാര്‍ക്കെല്ലാം കൂലിപ്പണിയും കുറവാണ്. നിത്യജീവിതത്തിന് തന്നെ പാടുപെടുബോള്‍ വീട് എങ്ങനെ പുതുക്കി പണിയുമെന്ന ചോദ്യമാണ് കോളനിക്കാര്‍ക്ക് മുന്‍പിലുളളത്.