രോഗികളെ മുളംകമ്പിൽ കെട്ടി ചുമക്കേണ്ട അവസ്ഥ; ഒറ്റപ്പെട്ട് ആനവായ് ഊര്

കനത്തമഴയില്‍ മരം വീണ് അട്ടപ്പാടി ആനവായ് ഊരിലേക്കുളള ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. ഊരിലുളള രോഗികളെ മുളംകമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിക്കാനേ നിവൃത്തിയുളളു. വനപാതയിലെ തടസം നീക്കാനുളള പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും ശക്തമായ മഴയാണ് വനമേഖലയിലുളളത്.

പ്രാക്തന ഗോത്രമേഖലയായ ആനവായ് ഊരിലേക്ക് 12 കോടി മുടക്കി നിര്‍മിച്ച റോഡിലാണ് മരങ്ങള്‍ കടപുഴകി വീണിരിക്കുന്നത്. വാഹനഗതാഗതം നിലച്ചതോടെ ആദിവാസികള്‍ക്ക് ഇതേ മാര്‍ഗമുളളു. മുളം കമ്പില്‍ കെട്ടിയ തുണിക്കുളളില്‍ രോഗികളെ കിടത്തി ചുമന്നുകൊണ്ടു വേണം പുറം ലോകത്തേക്കെത്താന്‍. ആനവായ് മുതല്‍ തടിക്കുണ്ട് വരെയുളള അഞ്ചുകിലോമീറ്ററില്‍ പതിനഞ്ചിടങ്ങളിലായി മണ്ണിടിച്ചിലും മുളംകൂട്ടങ്ങള്‍ കടപുഴകി വീണിട്ടുമുണ്ട്. ഇത് മറികടന്നു വേണം ചുമലിലേറ്റിയുളള യാത്ര തുടരാന്‍.

തടിക്കുണ്ടില്‍ നിന്ന് ജീപ്പ് മാര്‍ഗം മുക്കാലി വഴിയാണ് കോട്ടത്തറ ആശുപത്രിയിലെത്തുന്നത്. ഊരിലെ മൂപ്പന്‍ ചിണ്ടയെയും ആദിവാസി സ്ത്രീയായ വെളളച്ചിയെയും ചുമലിലേറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. പ്രധാന റോഡുകളില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് ആനവായ്. അതിനാല്‍ ആനവായ് റോഡിലെ ഗതാഗത തടസം നീക്കാന്‍ ആരും താല്‍പര്യമെടുത്തില്ല. റോഡിലെ ഗതാഗത തടസം നീക്കാന്‍ മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് പ്രവൃത്തികള്‍ തുടങ്ങിയെന്നാണ് വനംഉദ്യോഗസ്ഥരുടെ വിശദീകരണം.