നാല് സാക്ഷികൾ കൂടി കൂറുമാറി; സുനിൽകുമാർ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു

അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറുന്നവര്‍ക്ക് താക്കീത് എന്ന നിലയില്‍ കോടതിയുടെ സുപ്രധാന ഇടപെടലുണ്ടായ ദിവസവും നാല് സാക്ഷികള്‍ കൂറുമാറി. കോടതി നിർദേശപ്രകാരം കാഴ്ച പരിശോധിച്ച മധുകേസിലെ കൂറ് മാറിയ സാക്ഷി സുനിൽകുമാറിനെ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി വീണ്ടും വിസ്തരിച്ചു. ഇന്നലത്തെ ദൃശ്യങ്ങള്‍ ഇന്ന് തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞ സുനില്‍കുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.  മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടു വരുന്ന സംഘത്തില്‍ സുനിൽകുമാറിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ വ്യക്തതയില്ലെന്നായിരുന്നു നിലപാട്. 

കൂറുമാറിയ സാക്ഷി സുനില്‍കുമാറിന്റെ കാഴ്ചശക്തി കോടതി നിര്‍ദേശപ്രകാരം പരിശോധിച്ചു. മികച്ച കാഴ്ചശക്തിയുള്ള കണ്ണുകളെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതേ സാക്ഷിയെ വീണ്ടും കോടതി വിസ്തരിച്ചു എന്നതായിരുന്നു നിര്‍ണായക നീക്കം. കഴിഞ്ഞദിവസം കാണാന്‍ കഴിയില്ലെന്ന് അറിയിച്ച പല ദൃശ്യങ്ങളും പൂര്‍ണമായല്ലെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കോടതിയിൽ കള്ളം പറഞ്ഞാലുള്ള ശിക്ഷ അറിയുമോ എന്ന് കോടതി ചോദിച്ചു. അറിയില്ലെന്നും ആദ്യമായാണ് ഇങ്ങനെ സംഭവിച്ചതെന്നും പറഞ്ഞു. കേസ് പരിഗണിക്കുന്നത് അടുത്തദിവസത്തേക്ക് മാറ്റി. കോടതിയെ കബളിപ്പിച്ചതിന് സുനില്‍കുമാറിനെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും വിസ്തരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. 

മുപ്പത്തിരണ്ടാം സാക്ഷി മനാഫ്, മുപ്പത്തിമൂന്നാം സാക്ഷി രജ്ഞിത്ത്, മുപ്പത്തി നാലാo സാക്ഷി മണികണ്ഠൻ, മുപ്പത്തി അഞ്ചാം സാക്ഷി അനൂപ് എന്നിവരാണ് ഇന്ന് കൂറ് മാറിയത്. പ്രതിയായ ബിജുവിനൊപ്പം നാട്ടുകാര്‍ മധുവിനെ പിടികൂടാൻ പോയതറിഞ്ഞ് വണ്ടിക്കടവിലേക്ക് ജീപ്പില്‍ എത്തിയെന്നും മധുവിനെ ആൾക്കൂട്ടം കൊണ്ടുവരുന്നത് കണ്ടു എന്നും പോലീസിന് മൊഴി നല്‍കിയവരാണ് നാലുപേരും. പൊലീസിന് മൊഴി കൊടുത്തിട്ടില്ലെന്നും പ്രതികളെ പരിചയമില്ലെന്നും സാക്ഷികൾ കോടതിയിൽ പറഞ്ഞു. ഇതോടെ മധു കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഇരുപതായി.