അട്ടപ്പാടി മധു കേസ്: കുടുംബത്തിനും സാക്ഷികള്‍ക്കും പൊലീസ് സുരക്ഷ

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും പൊലീസ് സുരക്ഷ. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പൊലീസില്‍ നല്‍കിയ പരാതി ജില്ലാ ജഡ്ജി ചെയര്‍മാനായ സമിതി പരിശോധിച്ചാണ് തീരുമാനം. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കും.  

ജില്ലാ ജഡ്ജി ബി.കലാം പാഷ, പൊലീസ് മേധാവി ആര്‍.വിശ്വനാഥ്, പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അനില്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മധുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയാണ് സുരക്ഷയെക്കുറിച്ച് അറിയിച്ചത്. ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ സ്വാധീനത്താലും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു മധുവിന്റെ കുടുംബത്തിന്റെ ആക്ഷേപം. സാക്ഷികളെ കൂറുമാറ്റാന്‍ നിരന്തര ശ്രമമുണ്ടായി. മധുവിന്റെ ബന്ധു ഉള്‍പ്പെടെ പതിനൊന്നും പന്ത്രണ്ടും സാക്ഷികള്‍ കൂറുമാറി. ഇത് കേസിനെ സാരമായി ബാധിക്കുമെന്ന് കണ്ടാണ് അന്നത്തെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പിന്നാലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. ഇനിയും സാക്ഷികള്‍ കൂറുമാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ ജഡ്ജി ചെയര്‍മാനായ സമിതി വിലയിരുത്തി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സാക്ഷികള്‍ക്കും പൊലീസ് സുരക്ഷയൊരുക്കാനുള്ള നിര്‍ദേശം.

അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാ നടപടി. അഗളിയിലെത്തിയാണ് മല്ലിയും സരസുവും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. മധുക്കേസിന്റെ വിചാരണ ഈമാസം പതിനെട്ടിന് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ പുനരാരംഭിക്കും. ഈ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ നടപടിയില്‍ നിര്‍ണായകമായ തീരുമാനമാണുണ്ടായത്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കും. ബാഹ്യ ഇടപെടലുകള്‍ സംബന്ധിച്ചും പരിശോധിക്കും. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു.