അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടി മധു വധക്കേസിന്‍റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തില്‍ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറുെട നിയമനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മധുവിന്‍റെ കുടുംബാംഗങ്ങള്‍. അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ നിലവിലെ സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനും ചീഫ് സെക്രട്ടറിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കും വരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിലവിലെ രീതിയില്‍ വിചാരണ മുന്നോട്ട് പോയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന ആശങ്കയും മധുവിന്‍റെ അമ്മ ഉയര്‍ത്തിയിരുന്നു. വിചാരണ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം നേരത്തെ മണ്ണാര്‍ക്കാട് കോടതി തള്ളിയിരുന്നു. 

ഇതേ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ പ്രധാന സാക്ഷികള്‍ കൂറുമാറിയത് ആശങ്കാജനകമാണെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനുമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മധുവിന്‍റെ സഹോദരി പറഞ്ഞു. ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.