വടകരയിലെ മല്‍സ്യമാര്‍ക്കറ്റില്‍നിന്ന് പുഴുവരിച്ച മല്‍സ്യശേഖരം പിടിച്ചെടുത്തു

കോഴിക്കോട് വടകരയിലെ മല്‍സ്യമാര്‍ക്കറ്റില്‍നിന്ന് പുഴുവരിച്ച മല്‍സ്യശേഖരം പിടിച്ചെടുത്തു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അന്‍പതുകിലോയോളം വരുന്ന മല്‍സ്യം പിടികൂടിയത്. 

ഉപയോഗ്യശൂന്യമായ മീന്‍ കണ്ടത്തുന്നതിനായി നാടൊട്ടുക്കും പരിശോധന നടക്കുമ്പോഴാണ് വടകര ചന്തയില്‍ ചീഞ്ഞളിഞ്ഞ മല്‍സ്യം വില്‍പനയ്ക്ക് എത്തിയത്. നഗരസഭ  ആരോഗ്യവിഭാഗം ചന്തയിലെത്തുമ്പോള്‍ വില്‍പനയ്ക്കായി ഐസ് നിരത്തിയ പെട്ടികളില്‍ നിരത്തിവച്ച നിലയിലായിരുന്നു മീനുകള്‍. പിടിച്ചെടുത്ത മീനുകള്‍ക്ക് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

അന്‍പതുകിലോ മല്‍സ്യം പിടിച്ചെടുത്തത് നശിപ്പിച്ചു. വില്‍പ്പനക്കാരുടെ ലൈസന്‍സ് റദ്ദാക്കി. വരും ദിവസങ്ങളില്‍ പരിശോധന തുടരാനാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.