ദുരിതങ്ങൾക്കിടയിലും പത്തരമാറ്റ് വിജയത്തിളക്കത്തിൽ 'ഐഫർ'

ദുരിതങ്ങള്‍ക്കിടയിലും മിന്നുന്ന വിജയത്തിളക്കത്തിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ഐഫര്‍ എന്ന സന്നദ്ധസംഘടന. നീറ്റ് പരീക്ഷയില്‍ അഭിമാനം തുളുമ്പുന്ന വിജയമാണ് ഐഫറിലെ മിടുക്കന്മാര്‍ നേടിയെടുത്തത്. ഒരു പറ്റം പൂര്‍വ വിദ്യാര്‍ഥികളുടെ സ്നേഹത്തണലില്‍ മികച്ച വിദ്യാഭ്യാസസഹായങ്ങളാണ് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്നത്.

ആരുടെയും കണ്ണുനിറയ്ക്കുന്ന ദുരിതക്കയത്തില്‍നിന്നാണ് അഭിമാനകരമായ നേട്ടത്തിലേക്ക് അസ്‌ലം പറന്നുയര്‍ന്നത്. നീറ്റ് എം.ബി.ബിഎസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒബിസി വിഭാഗത്തില്‍ മുപ്പത്തിയാറാം റാങ്ക്. അസ്‌ലമുള്‍പ്പെടെ ആറുവിദ്യാര്‍ഥികളാണ് കുറ്റിക്കാട്ടൂരിലെ ഐഫര്‍ അക്കാദമിയില്‍നിന്ന് മികച്ച വിജയം കരസ്ഥമാക്കിയത്. പ്രാഥമികപഠനത്തിനുശേഷം വിദ്യാഭ്യാസ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക  പരിശീലനവും താമസസൗകര്യവും ഒരുക്കി നല്‍കുകയാണ് ഐഫര്‍. 

മടവൂര്‍ സിഎം ഹയര്‍ എജ്യുക്കേഷന്‍ സെന്ററിലെ പൂര്‍വ വിദ്യാര്‍ഥികളാണ് ഈ ഉദ്യമത്തിനുപിന്നില്‍. തങ്ങളുടെ ശമ്പളത്തിന്റെ ഒരു വിഹിതം ഐഫര്‍ അക്കാദമിക്കായി നീക്കിവിച്ചിരിക്കുകയാണിവര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കാണ് ഐഫറില്‍ പഠനത്തില്‍ അവസരമൊരുക്കുന്നത്.