ജയില്‍ ചപ്പാത്തിക്ക് സമാനമായി ജയില്‍ ഫര്‍ണിച്ചറും ഇനി വിപണിയിൽ

രണ്ട് ലക്ഷം രൂപയുടെ പരിശീലനപരിപാടി പൂര്‍ത്തിയാക്കിയപ്പോള്‍ കോഴിക്കോട് ജയിലിന് കിട്ടിയത് നാല് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍. എണ്‍പത് മണിക്കൂര്‍ പരിശീലനത്തില്‍ ഇരുപത് അന്തേവാസികള്‍ മികച്ച തൊഴിലാളികളുമായി. ജയില്‍ ചപ്പാത്തിക്ക് സമാനമായി ജയില്‍ ഫര്‍ണിച്ചറും വൈകാതെ വിപണിയിലെത്തും.  

ജീവിതവഴിയില്‍ കാലിടറിയവര്‍ക്ക് നല്ല നാളെ കരുപ്പിടിപ്പിക്കാനുള്ള അവസരമായിരുന്നു. അവര്‍ മാറിനിന്നില്ല. താല്‍പര്യത്തോടെയെത്തിയ  ഇരുപതാളുകള്‍ നിമിഷ നേരം കൊണ്ട് നിര്‍ദേശങ്ങള്‍ മനപാഠമാക്കി. യന്ത്രത്തിന്റെ പ്രവര്‍ത്തനവും കണക്കിലെ കൂട്ടലും കിഴിക്കലുമെല്ലാം വേഗം പഠിച്ചു. പഠനത്തിനായി അനുവദിച്ച രണ്ട് ലക്ഷം രൂപക്ക് പൂര്‍ണമായും സാധനങ്ങള്‍ വാങ്ങി. അലമാര, വാതിലുകള്‍, മരുന്ന് സൂക്ഷിക്കാനുള്ള കൗണ്ടറുകള്‍ തുടങ്ങി ജയിലിന് നാല് ലക്ഷത്തോടടുത്ത് ഉപകാരപ്രദമായ ഉപകരണങ്ങളും ലഭിച്ചു. മികവുറ്റവരുടെ ജോലിക്ക് സമാനമായാണ് ഇവര്‍ പണി പൂര്‍ത്തിയാക്കിയത്. അന്തേവാസികള്‍ക്കുള്ള പരിശീലനത്തിനാണ് അലുമിനിയം ഫാബ്രിക്കേഷന്‍ പഠനം വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളജിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ജയിലില്‍ നടപ്പാക്കിയത്. രേഖയില്‍ മാത്രമൊതുങ്ങാതെ പരിശീലനം പൂര്‍ണമായും ഗുണകരമായി. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മറ്റ് തൊഴിലുകള്‍ തേടി അലയേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍.  

നിര്‍മിച്ച സാധനങ്ങളുടെ മികവ് കണ്ട് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കഴിയില്ലെന്ന പരിമിതി നിലവിലുണ്ട്. എന്നാല്‍ വൈകാതെ ഈ നിര്‍മാണമികവ് ജയില്‍വളപ്പിന് പുറത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ജയില്‍വകുപ്പ്.