മുക്കത്തെ ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനി

വേനല്‍ക്കാലത്തിന്‍റെ തുടക്കത്തില്‍ തന്നെ മുക്കത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനി. കിഴക്കഞ്ചേരി ആദിവാസി കോളനിയിലെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി അലയുന്നത്. 

രാവിലെതന്നെ ഇവർ പോകുന്നത് വേറൊന്നിനുമില്ല, വെള്ളത്തിനുവേണ്ടിയാണ്. അടുത്തെങ്ങുമല്ല, ഒരു കിലോമീറ്റര്‍ അകലെ കുന്നിന്‍ചെരുവില്‍ ഒരു കുഴിയെടുത്തിട്ടുണ്ട്. അവിടെ നിന്ന് വേണം വെള്ളം ശേഖരിക്കാന്‍. കിഴക്കഞ്ചേരിയിലെ മുപ്പതോളം ആദിവാസി കുടുംബങ്ങള്‍ വേനല്‍ക്കാലം കഴിച്ചു കൂട്ടുന്നത് ഈ കുഴിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്. കഴിഞ്ഞ 12 വര്‍ഷമായി  ഇവരുടെ സ്ഥിതി ഇതാണ്. 

2006ല്‍ പട്ടിക വര്‍ഗ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവാക്കി 15000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് നിര്‍മിച്ചെങ്കിലും ഇതു വരെ ഒരു തുള്ളി വെള്ളം പോലും ടാങ്കില്‍ എത്തിയിട്ടില്ല. പരീക്ഷണ പമ്പിങ്ങില്‍ തന്നെ പൈപ്പുകളെല്ലാം പൊട്ടിയതാണ് പദ്ധതി നിലയ്ക്കാന്‍ കാരണം. ഇനിയെങ്കിലും ശാശ്വതമായ ഒരു കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.