കുരുമുളക് സംഭരിച്ച് മുങ്ങിയ കേസ്, പരാതികൾ കൂടുന്നു

വയനാട്ടില്‍ കുരുമുളക് സംഭരിച്ച് പണം നല്‍കാതെ മുങ്ങിയ സംഭവത്തില്‍ പരാതികള്‍ കൂടുന്നു. നാല്‍പതു പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതുവരെ  ലഭിച്ചത്. കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി  ഉണ്ടായിട്ടില്ല.

കുരുമുളക് മൂല്യവര്‍ധിത ഉല്‍പന്നമാക്കി മാറ്റി വിദേശത്തേക്ക് കയറ്റി അയയ്ക്കാമെന്ന് പറഞ്ഞായിരുന്നു സംഭരണം.  മാനന്തവാടി, പുല്‍പ്പള്ളി മേഖലയിലെ കര്‍ഷകരാണ് പ്രാധാനമായും തട്ടിപ്പിന് ഇരയായത്.  വടകര സ്വദേശികളായ രണ്ടുപേരാണ് കരുമുളകിന് ഉയര്‍ന്ന വില നല്‍കാമെന്ന് പറഞ്ഞ് വയനാട്ടിലെ കര്‍ഷകരെ സമീപിച്ചത്. ചെക്ക് നല്‍കി കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. ആദ്യം മാന്തവാടിയിലാണ് പരാതി ലഭിച്ചത്. തലപ്പുഴ സ്റ്റേഷനില്‍ പതിനഞ്ച് പരാതികള്‍ ലഭിച്ചു. മാനന്തവാടിയില്‍ നിലവില്‍ 12 പരാതികള്‍.പുല്‍പ്പള്ളിയില്‍ കര്‍ഷകരുടെ എട്ട് പരാതികളുണ്ട്.

മാനഹാനി കാരണം പരാതി പറയാത്തവരുമുണ്ട്. വടകര സ്വദേശി ജിതിനാണ് കുരുമുളക് സംഭരിച്ച തട്ടിപ്പ് നടത്തിയതില്‍ പ്രധാനി. ഇയാള്‍ സ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ്. വടകര പൊലീസില്‍ ഇതുസംബന്ധിച്ച് ഒരു മിസ്സിംഗ് പരാതി ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ പോണ്‍ സ്വിച്ച് ഒാഫ് ആണെന്നാണ് പൊലീസ് മറുപടി. അന്വേഷണം കാര്യക്ഷമമല്ല എന്നും ആക്ഷേപം ഉയരുന്നു. മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കണക്ക്. പാവപ്പെട്ട കര്‍ഷകരാണ് ഇരയായവരില്‍ ഭൂരിഭാഗവും.