കുരുമുളക് തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയിൽ

കുമളിയില്‍ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് ആയിരം കിലോ കുരുമുളക് തട്ടിയെടുത്ത കേസില്‍ ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. തമിഴ്നാട് പഴനി സ്വദേശി മുഹമ്മദ് യൂനസ് അലിയാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കുമളിയില്‍ ബസ് കയറാന്‍ എത്തിയപ്പോള്‍ പരാതിക്കാരനാണ് പിടികൂടിയത്. 

2017 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. കുമളി റോസാപ്പൂക്കണ്ടം സ്വദേശിയായ മലഞ്ചരക്ക് വ്യാപാരി മുഹമ്മദ് യാസിക്കില്‍ നിന്ന് 1050 കിലോ കുരുമുളകാണ് തമിഴ്നാട് സ്വദേശികള്‍ തട്ടിയെടുത്തത്. പിടിയിലായ മുഹമ്മദ് യൂനസ് അലിയും ഒരു സ്ത്രീയുമായിരുന്നു ഇടപാടുകാര്‍.  ഓണ്‍ലൈന്‍ വഴിയായിരുന്നു ആദ്യഘട്ട കച്ചവടം. ഇടപാടുകാര്‍ പറഞ്ഞതനുസരിച്ച്  കുരുമുളക്  തമിഴ്നാട്ടിലെ പഴനിയില്‍ വ്യാപാരി എത്തിച്ചു നല്‍കി. ആറ് ലക്ഷം രൂപയ്ക്കായിരുന്നു കച്ചവടം. 

കുരുമുളക് ഗോഡൗണിലേക്ക് മാറ്റിയ ശേഷം ഒരു ലക്ഷം രൂപ കയ്യോടെ കൈമാറി. ബാക്കി തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നായിരുന്നു വാക്ക്. നാട്ടില്‍ തിരിച്ചെത്തിയിട്ടും പണം അക്കൗണ്ടിലെത്തിയില്ല. പണത്തിനായി പഴനിയിലെത്തിയപ്പോളാണ് തട്ടിപ്പ് മനസിലായത്. കുമളി പൊലീസില്‍ പരാതി നല്‍കി ഏഴ് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുഖ്യപ്രതി കുമളി ബസ് സ്റ്റാന്‍ഡിലെത്തിയത്. പരാതിക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞ് സുഹൃത്തുക്കളുടെയും പൊലീസിന്‍റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. മുഹമ്മദ് യൂനസിനെ കൂടെയുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജിതമാക്കി.  ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.