അതിജീവനത്തിനായി പെടാപ്പാടുപെട്ട് കുരുമുളക് കര്‍ഷകര്‍

കറുത്തപൊന്നിന് കര്‍ഷകന്‍ പൊന്നിനേക്കാള്‍ വിലയിട്ടൊരു കാലമുണ്ടായിരുന്നു വയനാട്ടില്‍. സമ്പല്‍ സമൃദ്ധി നല്‍കിയ കുരുമുളക് വള്ളികള്‍ ഇപ്പോള്‍ അതിജീവനത്തിനായി പെടാപ്പാടുപെടുകയാണ്. രോഗം തളര്‍ത്തിയ കൃഷിയെ ഇത്തവണയും വിപണി കൈവിട്ടു. 

കാലം ആയിരത്തിത്തൊള്ളായിരത്തി എഴുപതുകള്‍. പാലായില്‍ നിന്നും ഒരു നൂറ്റാണ്ട് മുമ്പ് പറിച്ചുനടപ്പെട്ടൊരു കുടുംബത്തിലെ മൂന്നാം തലമുറയാണ് അഗസ്റ്റിന്‍. കുരുമുളകുനിറച്ച ചാക്കുകള്‍ വാടകവണ്ടിയില്‍ നിറച്ച് വലിയ വലിയ അങ്ങാടികളില്‍ പോയ കര്‍ഷകരെല്ലാം മഹീന്ദ്രജീപ്പുമായി തിരിച്ചുവന്ന കാലം. അക്കാലത്തങ്ങനെ ജീപ്പ് സ്വന്തമാക്കിയവരില്‍ ഒരാളാണ് അഗസ്റ്റിന്‍. 

പുല്‍പ്പള്ളി എന്ന കാര്‍ഷിക മേഖലയില്‍നിന്ന് എന്തു കൊണ്ടാണ് ജീപ്പുകള്‍ക്ക് ഇത്രയും ബുക്കിങ്ങുകള്‍ വരുന്നത് എന്ന് കമ്പനി ജി.എം അന്വേഷിച്ചു എന്നൊരു കഥകൂടിയുണ്ട്. വാഹനം ഒരുദാഹരണം മാത്രം. പുല്‍പ്പള്ളിയില്‍ പുത്തന്‍ കോണ്‍ക്രീറ്റ് വീടുകള്‍ ഉയര്‍ന്നു. ടിവി വന്നു. കറുത്ത പൊന്നായിരുന്നു വീടുകളിലേക്കുള്ള പ്രൗഡിക്കെല്ലാം വഴിവെട്ടിയത്. 

എന്നാല്‍ ആ പ്രതാപമൊക്കെ അസ്തമിച്ചട്ട് കാലം കുറേയായി. ദ്രുതവാട്ടം കൃഷിയെ തകര്‍ത്തു. വിലയും കുത്തനെ താഴ്ന്നു. കിലോയക്ക് നാന്നൂറ്റിയമ്പത് രൂപയാണ് ഇന്നലത്തെ മാര്‍ക്കറ്റിലെ വില. 

പഴയ വള്ളികള്‍ക്കൊപ്പം പുതിയ ഇനങ്ങളും വയനാടന്‍ മണ്ണില്‍ വേരുറപ്പിക്കുന്നില്ല. 1978 സീസണില്‍ കുരുമുളക് വിറ്റതിലൊരു പങ്കെടുത്തു വാങ്ങിയ ഈ ജീപ്പില്‍ തന്നെയാണ് അഗസ്റ്റിന്‍ ചേട്ടന്റെ യാത്ര. കൃഷി തളിര്‍ക്കുമെന്നും വില കൂടുമെന്നും വിശ്വസിക്കുന്നു ഈ മനുഷ്യന്‍.