കുരുമുളക് സംഭരിച്ച് പണം നല്‍കാതെ മുങ്ങിയതായി പരാതി

വയനാട്ടില്‍ കര്‍ഷകരില്‍ നിന്നും ലക്ഷക്കണിന് രൂപയുടെ കുരുമുളക് സംഭരിച്ച് പണം നല്‍കാതെ വടകര സ്വദേശികള്‍ മുങ്ങി. കുരുമുളക് മൂല്യവര്‍ധിത ഉല്‍പന്നമാക്കി മാറ്റി വിദേശത്തേക്ക് കയറ്റി അയയ്ക്കാമെന്ന് പറഞ്ഞായിരുന്നു സംഭരണം. മാനന്തവാടി, പുല്‍പ്പള്ളി മേഖലയിലെ കര്‍ഷകരാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ നവംബര്‍ മാസമാണ് വടകര സ്വദേശികളായ രണ്ടുപേര്‍ കരുമുളകിന് ഉയര്‍ന്ന വില നല്‍കാമെന്ന് പറഞ്ഞ് വയനാട്ടിലെ കര്‍ഷകരെ സമീപിച്ചത്.

പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വില നല്‍കിയായിരുന്നു സംഭരണം. തുടക്കത്തില്‍ കൃത്യമായി പണം നല്‍കി വിശ്വാസ്യത നേടി. പിന്നീട് പത്ത് ശതമാനം തുക അഡ്വാന്‍സ് നല്‍കിയായിരുന്നു കച്ചവടം. മൂന്നുമാസത്തെ അവധിക്ക് കര്‍ഷകര്‍ക്ക് ചെക്ക് നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാന്‍ ബാങ്കുകളെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. കുരുമുളക് വാങ്ങിയവര്‍ മുങ്ങിയിരിക്കുകയാണ്. 

ഇവരുടെ നാട്ടില്‍ പോയി അന്വേഷിച്ചപ്പോള്‍ ഒരാള്‍ വിദേശത്തേക്ക് കടന്നെന്നാണ് വിവരം. മറ്റൊരാളുടെ ഫോണ്‍ സ്വിച്ച് ഒാഫാണ്. മാനന്തവാടി, പുല്‍പ്പള്ളി ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കുരുമുളകാണ് സംഭരിച്ചത്. തട്ടിപ്പു നടത്തിയവര്‍ക്ക് പുല്‍പ്പള്ളിയില്‍ ഗോഡൗണുമുണ്ടായിരുന്നു. കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.