കണ്ണൂർ വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ ഒച്ചിഴിയും വേഗത്തിൽ

കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കൽ വൈകുന്നതിൽ പ്രതിഷേധിച്ച് പദ്ധതി പ്രദേശത്തെ കുടുംബങ്ങൾ അനിശ്ചിതകാല ഉപരോധസമരം ആരംഭിച്ചു. സിഗ്നൽ ലൈറ്റ് നിർമാണം നടക്കുന്ന സ്ഥലത്താണ് അമ്പത്തിയാറ് കുടുംബങ്ങൾ സമരം നടത്തുന്നത്. ഇതോടെ സിഗ്നൽ ലൈറ്റ് നിർമാണ ജോലി തടസപ്പെട്ടു. 

രണ്ടുമാസം കൊണ്ട് ഭൂമി ഏറ്റെടുക്കുമെന്ന് അറിയിച്ച് എട്ട് മാസം മുൻപാണ് രേഖകൾ കിയാൽ വാങ്ങിയത്. ഇതിനിടയിൽ രണ്ട് വീട്ടുകാരെ ഒഴിപ്പിച്ച് സിഗ്നൽ ലൈറ്റ് നിർമാണം ആരംഭിച്ചു. ഇവരെ പുനരധിവസിപ്പിക്കുകയോ താമസിക്കാനുള്ള വാടക നൽകുകയോ ചെയ്തില്ല. പലതവണ കിയാലും, കലക്ടറും നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ഏറ്റെടുക്കൽ നീണ്ടു പോയതോടെയാണ് സമരം തുടങ്ങിയത്. സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുക്കൽ വൈകുന്നതിന് കാരണമായി കിയാൽ നാട്ടുകാർക്ക് നൽകിയിരിക്കുന്ന വിശദീകരണം. സിഗ്നൽ ലൈറ്റ് നിർമാണം വൈകിയാൽ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെയും ബാധിക്കും.