പാലക്കാട് നഗരസഭയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി എല്‍ഡിഎഫും യുഡിഎഫും

പാലക്കാട് നഗരസഭയില്‍ ബിജെപിയ്ക്കെതിരെ എല്‍ഡിഎഫും യുഡിഎഫും സമരമുഖത്ത്. ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിച്ചെന്നാരോപിച്ച് സിപിഎം തുടങ്ങിവച്ച സമരം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഏറ്റെടുത്തു. എന്നാല്‍ ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു, ഇരുമുന്നണികളും ഒന്നിച്ചുനിന്നാല്‍ ബിെജപി പ്രതിരോധത്തിലാകും. 

നഗരസഭാ കാര്യാലയത്തിന്റെ വളപ്പില്‍ ഒാലകൊണ്ട് കുടിലുകെട്ടിയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ് മിഷന്‍ ഭവനപദ്ധതി അട്ടിമറിച്ചെന്നാരോപിച്ച് സിപിഎം രണ്ടു ദിവസം മുന്‍പ് തുടങ്ങിയ സമരമാണ് കോണ്‍ഗ്രസും ഏറ്റെടുത്തത്. ഭവനപദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക കഴിഞ്ഞ ഡിസംബര്‍ 31 ന് സര്‍ക്കാരിന് സമര്‍പ്പിക്കാതെ അട്ടിമറിച്ചെന്നാണ് ആരോപണം. ഇത്തരം വിഷയങ്ങളില്‍ നേരത്തെ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസ് , സിപിഎം നേതൃത്വങ്ങള്‍ക്കെതിരെ പ്രാദേശികമായി എതിര്‍പ്പുയര്‍ന്നിരുന്നു. ഇരുമുന്നണികളും ബിജെപിയെ പ്രതിരോധിക്കാതെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്നാണ് നാട്ടിലെ ചര്‍ച്ച. ബിജെപി ഭരണത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ പറയുന്നു. ഒത്തുകളി രാഷ്ട്രീയം വേണ്ടെന്നും വ്യക്തമാക്കി. 

ഇക്കാര്യത്തില്‍ സിപിഎം നിലപാട് എന്താകുമെന്ന് വ്യക്തമല്ല. എന്നാല്‍ ബിജെപിയെ എതിര്‍ക്കാന്‍ പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസുമായി ഒന്നിച്ചുളള സമരത്തിന് സാധ്യത ഏറെയാണ്. ലൈഫ് മിഷന്‍ സമരം വിജയിച്ചാല്‍ ബിജെപി ഭരണത്തിന്റെ ലൈഫും വരുംനാളുകളില്‍ ചോദ്യചിഹ്നമായേക്കാം.